(കക്കോടി) കോഴിക്കോട് - മുക്കം ഫയർ സ്റ്റേഷനിലെ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസറെയും അമ്മയെയും മരിച്ച നിലയിൽ കണ്ടെത്തി. റെസ്‌ക്യൂ ഓഫീസർ കുരുവട്ടൂർ സ്വദേശി എഴുകളത്തിൽ കെ.എ ഷിംജു(38)വിനെയും അമ്മ ശാന്ത(62)യെയും വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഷിംജു തൂങ്ങിമരിച്ച നിലയിലും അമ്മ വിഷം അകത്തുചെന്ന നിലയിലുമാണെന്നാണ് വിവരം.
ഷിംജു അച്ഛനും അമ്മയ്ക്കുമൊപ്പമായിരുന്നു താമസിച്ചിരുന്നത്. രോഗിയായ അമ്മ ശാന്ത കിടപ്പിലായിരുന്നു. ഷിംജു അവിവാഹിതനാണെന്നും ഇന്നലെയും ജോലിക്ക് ഹാജറായതായും സഹപ്രവർത്തകർ പറഞ്ഞു.
തൊഴിലുറപ്പ് തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയതെന്ന് കുന്ദമംഗലം പോലീസ് പറഞ്ഞു. മരണസമയത്ത് ഷിംജുവിന്റെ അച്ഛൻ അപ്പുകുട്ടി മകൾ ഷിംനയുടെ വീട്ടിലായിരുന്നു.