(പൂർണിയ) പറ്റ്‌ന - ജെ.ഡി.യു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന്റെ എൻ.ഡി.എ കൂടുമാറ്റത്തിൽ മൗനം വെടിഞ്ഞ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ചെറിയ സമ്മർദ്ദമുണ്ടാകുമ്പോഴേക്കും കാലുമാറുന്നയാളാണ് നിതീഷ് കുമാറെന്നും സാമൂഹ്യ നീതി ഉറപ്പാക്കാൻ ഇന്ത്യ മുന്നണിക്ക് അദ്ദേഹത്തിന്റെ ആവശ്യമില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ പൂർണിയയിൽ നടന്ന മഹാറാലിയിലായിരുന്നു രാഹുലിന്റെ പരാമർശം.
ജാതി സർവേ നടപ്പാക്കണമെന്ന് നിതീഷിനോട് ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ചാണ് ബിഹാറിൽ സർവേ നടത്തിയത്. ഇപ്പോഴത്തെ കാലുമാറൽ മറുഭാഗത്ത് നിന്നുള്ള സമ്മർദ്ദം കാരണമാണ്. രാജ്യത്തിന്റെ യഥാർത്ഥ ചിത്രം പുറത്തുവിടണമെന്ന് ബി.ജെ.പി ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് നിതീഷിന് എൻ.ഡി.എയിലേക്ക് വഴി കാണിച്ച് കൊടുത്തത്. രാജ്യത്തെ വലിയ വിഭാഗമായ ഒ.ബി.സിക്ക് അർഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ല. എല്ലാവർക്കും നീതി ലഭിക്കണമെങ്കിൽ കൃത്യമായ കണക്കുകൾ വേണം. ജാതി സെൻസസ് മാത്രമാണ് ഇതിന് പരിഹാരമെന്നും രാഹുൽ ചൂണ്ടിക്കാട്ടി. ഇന്ത്യ മുന്നണിയിലെ ഘടകക്ഷികളായ ആർ.ജെ.ഡി, സി.പി.എം, സി.പി.ഐ എന്നീ പാർട്ടികളുടെ നേതാക്കളും റാലിയിൽ പങ്കെടുത്തു. ശേഷം കർഷകരുമായി രാഹുൽ ഗാന്ധി ചർച്ചയും നടത്തി.