Sorry, you need to enable JavaScript to visit this website.

ഡോക്ടര്‍മാര്‍ വായിക്കാന്‍ പറ്റാത്ത രീതിയില്‍ മരുന്ന് ചീട്ട് എഴുതുന്നതിന്റെ കാര്യമിതാണ്, ആയുസിന്റെ ബലം കൊണ്ടാണ് രക്ഷപ്പെടുന്നത്

കോഴിക്കോട് - ഡോക്ടര്‍മാര്‍ക്ക് ഇനിയെങ്കിലും ഈ കൈയക്ഷരം ഒന്ന് നന്നാക്കിക്കൂടെയെന്ന് അസുഖത്തിന് ചികിത്സ തേടി ഡോക്ടറുടെ കുറിപ്പടിയുമായി മരുന്ന് ഷോപ്പിലേക്ക് ഓടുമ്പോള്‍ മനസ്സില്‍ ചോദിക്കാത്തവര്‍ ചുരുക്കമായിരിക്കും. ഇംഗ്ലീഷില്‍ അപാര പരിജ്ഞാനമുണ്ടായിട്ടൊന്നും കാര്യമില്ല, ഡോക്ടര്‍മാരുടെ മരുന്ന് കുറിപ്പടി വായിക്കണമെങ്കില്‍ ആര്‍ക്കും കിട്ടാത്ത ഒരു പ്രത്യേക സിദ്ധി തന്നെ വേണം. ഒരുവിധപ്പെട്ടവര്‍ക്കാര്‍ക്കും അത് വായിച്ചെടെുക്കാന്‍ കഴിയില്ല. മരുന്നിന്റെ പേരിലെ ആദ്യത്തെ ഒന്നോ രണ്ടോ ഇംഗ്ലീഷ് അക്ഷരവും പിന്നെ നീട്ടിയൊരു വരയുമായിരിക്കും മിക്ക ഡോക്ടര്‍മാരുടെയും മരുന്ന് കുറിപ്പടിയിലുണ്ടാകുക. മെഡിക്കല്‍ ഷോപ്പിലെ ഫാര്‍മസിസ്റ്റുകള്‍ എങ്ങനെയാണ് ഈ മരുന്നുകളുടെ പേരുകള്‍ വായിച്ചെടുത്ത് നമുക്ക് കൃത്യമായി മരുന്ന് എടുത്തു തരുന്നതെന്ന് പലപ്പോഴും നമ്മള്‍ അത്ഭുതപ്പെടാറില്ലേ?  എന്തിന് വേണ്ടിയാണ് ഡോക്ടര്‍മാര്‍ ആര്‍ക്കും മനസ്സിലാകാത്ത പ്രാചീന ലിപിപോലുള്ള കൈയ്യക്ഷരത്തില്‍ ഇങ്ങനെ മരുന്ന് കുറിപ്പടികള്‍ എഴുതുന്നത് ?  എല്ലാവര്‍ക്കും മനസ്സിലാകുന്ന രീതിയില്‍ വടിവൊത്ത അക്ഷരത്തില്‍ എഴുതുന്ന ഡോക്ടര്‍മാരുമുണ്ട്. അവരെക്കുറിച്ചല്ല ഇവിടെ പറയുന്നത്. 

ഡോക്ടര്‍മാരുടെ കൈയ്യക്ഷരം കാലങ്ങളായി നന്നാക്കാന്‍ നോക്കിയിട്ട് സര്‍ക്കാറും  നിയമ സംവിധാനങ്ങളുമെല്ലാം തീര്‍ത്തും പരാജയപ്പെട്ടതല്ലാതെ ഒരു കാര്യമുണ്ടായില്ല. കൈയ്യക്ഷരങ്ങള്‍ കൂടുതല്‍ മോശമായത് മിച്ചം. രാജ്യത്തെ ആരോഗ്യ സംവിധാനങ്ങളുടെ തലതൊട്ടപ്പനായ ദേശീയ മെഡിക്കല്‍ കൗണ്‍സിലും കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകളും വിവിധ കോടതികളും പല തവണ ഡോക്ടര്‍മാരുടെ മോശം കൈയ്യക്ഷരത്തിനെതിരെ അന്ത്യശാസനം നല്‍കുകയും പിഴ ഈടാക്കുകയും വരെ ചെയ്തു. ഏറ്റവുമൊടുവില്‍ കഴിഞ്ഞ ദിവസം ഒഢീഷയിലെ ഹൈക്കോടതിയും ഡോക്ടര്‍മാരുടെ മരുന്ന് കുറിപ്പടിയിലെ മോശം കൈയ്യക്ഷരത്തിനെതിരെ ഉത്തരവ് ഇറക്കി. ആളുകള്‍ക്ക് മനസ്സിലാകുന്ന വിധത്തില്‍ ഇംഗ്ലീളീഷില്‍ വലിയ അക്ഷരത്തില്‍ (ക്യാപിറ്റല്‍ ലെറ്ററില്‍) മരുന്നു കുറിപ്പടികളും റിപ്പോര്‍ട്ടുകളും എഴുതണമെന്ന് കോടതി ഉത്തരവിറക്കിയിരിക്കുകയാണ്. കേരളത്തിലടക്കം ഇങ്ങനെ ഉത്തരവുകള്‍ എത്ര തവണ വന്നു. എന്നിട്ടും മരുന്ന് കുറിപ്പടിയിലെ കൈയ്യക്ഷരം നന്നാക്കാന്‍ ഡോക്ടര്‍മാര്‍ മിക്കവരും തയ്യാറാകുന്നില്ല. അങ്ങനെ എഴുതിപ്പോകുന്നതാണോ? അതല്ലെങ്കില്‍ ഇതിന് പിന്നില്‍ കരുതിക്കൂട്ടിയുള്ള വല്ല ഉദ്ദേശവും ഉണ്ടോ? എല്ലാവരും ചോദിക്കുന്നതും അറിയാന്‍ ആഗ്രഹിക്കുന്നതുമായ കാര്യമാണിത്.

ഫാര്‍മസിസ്റ്റ് ചോദിക്കാറില്ലേ എന്താണ് അസുഖമെന്ന്

ഡോക്ടര്‍മാര്‍ എഴുതുന്ന മരുന്ന് കുറിപ്പടി ഒട്ടുമിക്കവര്‍ക്കും മനസ്സിലാകില്ലെങ്കിലും ഒരു വിധമൊക്കെ മനസ്സിലാകുന്ന ഒരു കൂട്ടര്‍ മെഡിക്കല്‍ ഷോപ്പിലെ ഫാര്‍മസിസ്റ്റുകള്‍ മാത്രമാണ്. ഇത് വായിക്കാന്‍ പ്രത്യേകം പഠിച്ചവരോ അല്ലെങ്കില്‍ കഴിവ് സിദ്ധിച്ചവരോ ഒന്നുമല്ല ഫാര്‍മസിസ്റ്റുകള്‍. മരുന്നുകളുടെ പേരുകള്‍ പഠിച്ചതുകൊണ്ടും പല ഡോക്ടര്‍ാമാരുടെയും കുറിപ്പടികള്‍ ദീര്‍ഘകാലമായി കണ്ടിട്ടിള്ള പരിചയം കൊണ്ടുമെല്ലാമാണ് ഇവര്‍ ഒരു വിധത്തില്‍ രോഗിക്ക് മരുന്നുകള്‍ എടുത്തു നല്‍കുന്നത്. പുതുതായി എത്തുന്ന ഫാര്‍മസിസ്റ്റുകളില്‍ പലരും  കുറിപ്പടി വായിച്ച് ബോധം കെടാത്തത്ത് അവരുടെ മനോധൈര്യം കൊണ്ട് മാത്രമാണ്. 

രോഗികള്‍ക്ക് ആയുസ്സിന് ബലമുള്ളതുകൊണ്ടാണ് പലപ്പോഴും മരുന്നു മാറിപ്പോകാത്തത്. ഡോക്ടര്‍മാര്‍ എഴുതിയ മരുന്ന് ഏതെന്ന് വായിച്ചെടുക്കാന്‍ പറ്റിയില്ലെങ്കില്‍ ഫാര്‍മസിസ്റ്റുകള്‍ പ്രയോഗിക്കുന്ന ഒരു അടവുണ്ട്. രോഗികളോട് വളരെ പരിചിത ഭാവത്തില്‍ സ്‌നേഹ പ്രകടനങ്ങളോടെ അവര്‍ ചോദിക്കും. എന്താ അസുഖമെന്ന്. ഡോക്ടറോട് വിവരിച്ച അതേ രീതിയില്‍ നമ്മള്‍ ഫാര്‍മസിസിസ്റ്റിറ്റിനോടും രോഗ വിവരങ്ങള്‍ പറയും. അപ്പോഴേക്കും ഫാര്‍മസിസ്റ്റിന് ഡോക്ടര്‍ എഴുതിയ മരുന്നിന്റെ പേര് ഏതാണ്ട് മനസ്സില്‍ തെളിയും. ഇത് അവരുെട ഒരു ട്രേഡ് സീക്രട്ടാണ്. മരുന്നിന്റെ പേര് ഒരു നിലയ്ക്കും പിടി കിട്ടിയില്ലെങ്കില്‍, വേറെ കമ്പനിയുടെ മരുന്നാണ് ഉള്ളതെന്ന് പറഞ്ഞ് മിക്കവരും അത് നമുക്ക് എടുത്തു തരും. തീരെ നിവൃത്തിയില്ലെങ്കില്‍ മാത്രമേ ഡോക്ടറെ ഫോണില്‍ വിളിച്ച് മരുന്ന് എഴുതിയതിനെക്കുറിച്ചുള്ള സംശയങ്ങള്‍ ചോദിക്കുകയുള്ളൂ. വിളിച്ചു ചോദിക്കുമ്പോള്‍ പല ഡോക്ടര്‍മാര്‍ക്കും ഈഗോ വര്‍ക്ക് ചെയ്യുന്നത് കൊണ്ട് സംശയമുണ്ടെങ്കില്‍ പോലും ഡോക്ടറെ വിളിക്കാന്‍ പലരും മിനക്കെടാറില്ല.

ഡോക്ടര്‍ എഴുതിയ മരുന്നിന്റെ പേര് വായിക്കാന്‍ പറ്റാത്തത് രോഗികള്‍ക്ക് മുന്നില്‍ ഒരു കുറച്ചിലായി കാണുന്നവരാണ് ഫാര്‍മസിസ്റ്റുകളില്‍ മിക്കവരും. അവന് അല്ലെങ്കില്‍ അവള്‍ക്ക് യാതൊരു വിവരവുമില്ലെന്ന് രോഗികള്‍ തന്നെ പറഞ്ഞുണ്ടാക്കും. ആ പേടികാരണം കുറിപ്പടി വായിക്കാന്‍ പറ്റിയില്ലെങ്കില്‍ അക്കാര്യം ഫാമസിസ്റ്റുകള്‍ പലപ്പോഴും പുറത്ത് പറയില്ല. ഡോക്ടര്‍മാര്‍ കൈയ്യക്ഷരം നന്നാക്കണമെന്നാവശ്യപ്പെട്ട്  ഫാര്‍മസിസ്റ്റുകളുടെ സംഘടനകള്‍ രംഗത്തു വരികയും ഇത്  സംബന്ധിച്ച് പല തവണ പരാതികള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടൊന്നും ഡോക്ടര്‍മാര്‍ക്ക് കുലുക്കമില്ല.

 

നമ്മള്‍ മരിച്ചു പോകാത്തത് പൂര്‍വ്വികരുടെ സുകൃതം കൊണ്ടാണ്

ഡോക്ടര്‍മാര്‍ മരുന്നിന്റെ കുറിപ്പടികള്‍ എഴുതുമ്പോള്‍ അത് രോഗികള്‍ക്കും മെഡിക്കല്‍ ഷോപ്പുകാര്‍ക്കുമെല്ലാം വ്യക്തമായി വായിക്കാന്‍ പറ്റുന്ന രീതിയില്‍ ഉള്ളതായിരിക്കണമെന്ന്  ദേശിയ മെഡിക്കല്‍ കൗണ്‍സില്‍ പല തവണ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. മരുന്ന് കുറിപ്പടികള്‍ വ്യക്തമായ വായിക്കാന്‍ പറ്റാത്തത് മൂലം നല്‍കിയ മരുന്നുകള്‍ മാറിപ്പോകുന്നതിനാല്‍ രോഗികള്‍ ഗുരുതാവസ്ഥയിലാകുകയും മരിക്കുകയംു ചെയ്ത നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രോഗ നിര്‍ണ്ണയവും അതിന് മരുന്ന് നിശ്ചയിക്കലും പോലെ തന്നെ വളരെ പ്രധാനപ്പെട്ടതാണ് കുറിച്ചു നല്‍കുന്ന മരുന്നുകള്‍ രോഗി അടക്കമുള്ളവര്‍ക്ക്  വായിച്ചെടുക്കാന്‍ സാധിക്കുകയെന്നത്. അത് ഒരു മെഡിക്കല്‍ പ്രാക്ടീഷണര്‍ പാലിക്കേണ്ട മെഡിക്കല്‍ എത്തിക്‌സിന്റെ ഭാഗം കൂടിയാണ്. ഇത് പല തവണ ഡോക്ടര്‍ാമാരെ ദേശീയ മെഡിക്കല്‍ കൗണ്‍സില്‍ ഓര്‍മ്മപ്പെടുത്തിയിട്ടും മരുന്നിന്റെ കുറിപ്പടികളില്‍ മിക്കതും ഇപ്പോഴും ആര്‍ക്കും മനസ്സിലാകാത്ത പ്രാചീന ഭാഷയില്‍ തന്നെയാണ്.
ഏത് മരുന്നാണ് എഴുതിയതെന്ന് കൃത്യമായി വായിച്ചെടുക്കാന്‍ കഴിയാത്തതുകൊണ്ട് മരുന്നുകള്‍ മാറിപ്പോകുന്ന സംഭവങ്ങള്‍ ഒരുപാടുണ്ടാകുന്നുണ്ടെന്ന് ഫാര്‍മസിസ്റ്റുകള്‍ പറയുന്നു. വിവിധ രോഗങ്ങള്‍ക്ക് നിരവധി ബ്രാന്‍ഡുകളിലുള്ള മരുന്നുകള്‍ ഉണ്ട്. പലതും പേരില്‍ ഒന്നോ രണ്ടോ അക്ഷരത്തിന്റെ വ്യതാസം മാത്രമുള്ളതായിരിക്കും. ഡോക്ടറുടെ കുറിപ്പടിയില്‍ നിന്ന് ഇത് മനസ്സിലാക്കി എടുക്കുക എളുപ്പമല്ലെന്നും അതിനാലാണ് രോഗിയോട് പലപ്പോഴും അസുഖ വിവരങ്ങള്‍ ചോദിക്കുന്നതെന്നും ഫാര്‍മസിസ്റ്റുകള്‍ പറയുന്നു. ഇത്തരത്തില്‍ പലപ്പോഴും മരുന്ന് മാറിപ്പോകാറുണ്ട്. മാറിയ മരുന്നുകള്‍ രോഗികള്‍ കൊണ്ടുപോയി കഴിക്കാറുമുണ്ട്. പലര്‍ക്കും മറ്റ് പ്രശ്‌നങ്ങളൊന്നുമുണ്ടാകാറില്ലെന്ന് മാത്രം. ഗുരുതരമായ രോഗങ്ങള്‍ക്കും മറ്റും മരുന്ന് നല്‍കുമ്പോള്‍ കാര്യമായി ശ്രദ്ധിക്കുമെന്ന് ഫാര്‍മസിസ്റ്റുകള്‍ പറയുന്നു. 

എന്താണ് ഡോക്ടര്‍മാര്‍ക്ക് പറയാനുള്ളത്

വലിയ ആശുപത്രികളില്‍ മരുന്നു കുറിപ്പടികള്‍ ഇപ്പോള്‍ കമ്പ്യൂട്ടറില്‍ പ്രിന്റ് ചെയ്താണ് നല്‍കുന്നത്. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രികളിലും ചെറിയ ചെറുകിട സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും അടക്കം ഒട്ടുമിക്ക ആരോഗ്യ സ്ഥാപനങ്ങളിലും മരുന്ന് കുറിപ്പടി ഡോക്ടറുടെ കൈയ്യക്ഷരത്തില്‍ തന്നെയാണ്. പണ്ടൊക്കെ ഡോക്ടര്‍മാരുടെ കൈയ്യക്ഷരം കുറേക്കൂടി വ്യക്തമാകുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ കൂടുതല്‍ മോശമായി വരികയാണെന്നാണ് ഫാര്‍മസിസ്റ്റുകള്‍ പറയുന്നത്. എന്നാല്‍ ഡോക്ടര്‍മാര്‍ക്ക് പറയാനുള്ളത് മറ്റൊന്നാണ്. തങ്ങള്‍ കരുതിക്കൂട്ടി ഇങ്ങനെ എഴുതുന്നതല്ലെന്നും ജോലിത്തിരക്ക്  സംഭവിക്കുന്നതാണെന്നും മിക്ക ഡോക്ടര്‍മാരും പറയുന്നു. 

സര്‍ക്കാര്‍ ആശുപത്രികളില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ പറ്റാവുന്നതില്‍ കൂടുതല്‍ എണ്ണം രോഗികളെ ചികിത്സിക്കേണ്ടി വരും. അപ്പോള്‍ മരുന്ന് കുറിപ്പടി നല്ല വൃത്തിയുള്ള കൈയ്യക്ഷരത്തില്‍  ഉരുട്ടി എഴുതാനിരുന്നാല്‍ രോഗികള്‍ക്ക് സമയത്തിന് ചികിത്സ കിട്ടാതെ വരുമെന്നാണ് ഇവരുടെ വാദം. വലിയ സ്വകാര്യ ആശുപത്രികളില്‍ ഒരു നിശ്ചിത എണ്ണം രോഗികളെ പരിശോധിച്ചാല്‍ മതിയെന്നും ഒരു സീനിയര്‍ ഡോക്ടറുടെ സഹായത്തിനായി രണ്ടും മൂന്നും ജൂനിയര്‍ ഡോക്ടര്‍മാര്‍ ഉണ്ടാകുമെന്നും അതിനാല്‍ അവിടെ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. തിരക്കില്ലാത്ത് സമയത്താണെങ്കിലും മരുന്നു കുറിപ്പടിയിലെ കൈയ്യെഴുത്തിന് വ്യത്യാസമൊന്നും ഉണ്ടാകില്ലെന്നതാണ് സത്യം. പിന്നെ മറ്റൊരു രഹസ്യം കൂടി ഇവര്‍ പറയുന്നു. എം ബി ബി എസിന് പഠിക്കുന്ന കാലത്ത് റഫറന്‍സ് നോട്ടുകള്‍ വളരെ വേഗത്തില്‍ എഴുതിയെടുത്ത് കൈയ്യക്ഷരം മോശമായി പോയത്രേ. എന്നാല്‍ ഇതൊന്നും ഒരു ന്യായമായി പറയാന്‍ പറ്റുന്ന കാര്യമല്ല. ഡോക്ടര്‍ എഴുതുന്ന മരുന്ന് എന്താണ് അറിയാനുള്ള അവകാശം ഒരു രോഗിയ്ക്കുണ്ട്. 

 

മോശമായ കൈയ്യക്ഷരത്തിന് പിന്നില്‍ ചില ബിസിനസ് താല്‍പര്യങ്ങളുണ്ട്.

മോശമായ കൈയ്യക്ഷരത്തില്‍ മരുന്നു കുറിപ്പടികള്‍ എഴുതുന്ന ഡോക്ടര്‍മാരില്‍ ചിലരെങ്കിലും ഇത് ബിസിനസ് താല്‍പര്യത്തിനായി ഉപയോഗിക്കുന്നുണ്ട്. എല്ലാവരെയും അടച്ചാക്ഷേപിക്കുകയല്ല. രോഗികള്‍ക്ക് മരുന്ന് കുറിച്ചു കൊടുക്കുന്നതിലൂടെ നല്ലൊരു തുകയോ മറ്റു സമ്മനാമോ ഒക്കെ  മെഡിക്കല്‍ ഷോപ്പുകാരില്‍ നിന്നും മരുന്ന് കമ്പനിക്കാരില്‍ നിന്നും കൈപ്പറ്റുന്ന ഡോക്ട്രര്‍മാരുണ്ട്. എല്ലാവരംു അത്തരക്കാരാണെന്നല്ല, ഒരു ചെറിയ വഭാഗം ഡോക്ടര്‍മാര്‍ ഇങ്ങനെ ചെയ്യുന്നുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. അവരുടെ കുറിപ്പടികളിലെ കൈയ്യക്ഷരം  അവരുമായി അഡ്ജസ്റ്റുമെന്റുള്ള മരുന്നു ഷോപ്പുകളിലെ ഫാര്‍മസിസ്റ്റുകള്‍ക്കും മറ്റ് ജീവനക്കാര്‍ക്കും മാത്രമേ വായിച്ചെടുക്കാന്‍ കഴിയൂ.
രോഗി മറ്റൊരു മെഡിക്കല്‍ ഷോപ്പുകളിലും പോയി മരുന്നു വാങ്ങാതിരിക്കാനുള്ള ഗുട്ടന്‍സാണിത്. മറ്റാര്‍ക്കും ഈ ഡോക്ടര്‍മാരുടെ കുറിപ്പടി വായിച്ചെടുക്കാന്‍ സാധിക്കില്ല. 

സര്‍ക്കാര്‍ ഡോക്ടര്‍മാരില്‍ ചിലര്‍ സ്വന്തമായി മെഡിക്കല്‍ ഷോപ്പ് നടത്തുകയോ അല്ലെങ്കില്‍ മെഡിക്കല്‍ ഷോപ്പ് നടത്തിപ്പില്‍ പാര്‍ട്ണര്‍ഷിപ്പുണ്ടാക്കുകയോ, ലാഭവിഹിതം കൈപ്പറ്റുകയോ ഒക്കെ ചെയ്യാറുണ്ട്. ഇവരുടെ കുറിപ്പടികളിലെ കൈയ്യക്ഷരങ്ങള്‍ ഇവരുടെ ' സ്വന്തക്കാരായ ' ഫാര്‍മസിസ്റ്റുകള്‍ക്ക് മാത്രമേ വായിക്കാന്‍ സാധിക്കൂ. മറ്റു ഫാര്‍മസികളിലേക്ക് ബിസിനസ് പോകാതിരിക്കനായി കരുതിക്കൂട്ടി മോശമായ കൈയ്യക്ഷരത്തില്‍ എഴുതുന്ന ഡോക്ടര്‍മാര്‍ ഉണ്ടെന്ന് സ്വകാര്യ ഫാര്‍മസി ഉടകളില്‍ ചിലര്‍ രഹസ്യമായി സമ്മതിക്കുന്നു. അതായത് ചില ഡോക്ടര്‍മാരുടെ മോശം കൈയ്യക്ഷരം ബിസിനസ് താല്‍പര്യത്തിന്റെ ഭാഗം കൂടിയാണെന്ന് ചുരുക്കം.

എത്ര താക്കീതുകള്‍, കോടതി വിധികള്‍ എന്നിട്ടും കൈയ്യക്ഷരം മാറുന്നില്ല

ഡോക്ടര്‍മാര്‍ നല്ല കൈയ്യക്ഷരത്തില്‍ മരുന്നുകളുടെ കുറിപ്പടി എഴുതണമെന്ന് ലോകാരോഗ്യ  സംഘടനയും ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലും, രാജ്യത്തെ നിയമ സംവിധാനങ്ങളുമൊക്കെ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് നാളുകളേറേയായി. പക്ഷേ ഒരു മാറ്റവും ഇത് വരെ ഉണ്ടായിട്ടില്ല. കുറിപ്പടിയില്‍ എഴുതുന്ന മരുന്ന് ഏതാണെന്നത് സംബന്ധിച്ച് രോഗിക്ക് കൃത്യമായി വായിച്ചെടുക്കാന്‍ കഴിയണമെന്നാണ് പ്രധാന നിര്‍ദ്ദേശം. ഇതിന് കഴിയുന്നില്ലെങ്കില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കാനുള്ള അവകാശവും രോഗിയ്ക്കുണ്ട്. കുറിപ്പടിയിലെ മരുന്ന് എഴുതിയത് മനസ്സിലാകാതിരിക്കുകയോ അല്ലെങ്കില്‍ അവ്യക്തയുണ്ടാകുകയോ ചെയ്താല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് പരാതി നല്‍കാന്‍ രോഗിയ്ക്ക് അവകാശമുണ്ട്. ആ പരാതിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നടപടി സ്വീകരിക്കുകയും വേണം. എന്നാല്‍ ഒന്നും നടക്കുന്നില്ലെന്ന് മാത്രം.

ആര്‍ക്കും മനസ്സിലാകാത്ത രീതിയില്‍ കുത്തി വരച്ച പോലെ എഴുതിയ ഒരു ഡോക്ടറുടെ കുറിപ്പടി അടുത്തിടെ സോഷ്യന്‍ മീഡിയയില്‍ പ്രചരിക്കുകയും വിവാദമാകുകയും ചെയ്തിരുന്നു. ഒന്നും മനസ്സിലാകുന്നില്ലെന്ന് പറഞ്ഞപ്പോള്‍ ഈ ഡോക്ടര്‍ ഭീഷണിപ്പെടുത്തിയതായും രോഗി പരാതി പറഞ്ഞിരുന്നു. അതേസമയം ആര്‍ക്കും മനസ്സിലാകുന്ന രീതിയില്‍ വലിയ അക്ഷരത്തില്‍ വൃത്തിയായി മരുന്ന് കുറിപ്പടി എഴുതുന്ന നെന്മാറ കമ്യൂണിറ്റി സെന്ററിലെ ശിശുരോഗ വിദഗ്ധന്‍ ഡോ നിതിന്‍ നാരായണന്റെ  കുറിപ്പടി സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ ആളുകള്‍ ആഘോഷമാക്കുകയും ചെയ്തിരുന്നു. ഇത് ഒരു അത്ഭുതം തന്നെയെന്ന രീതിയില്‍ ഡോ.നിതിന്‍ വാര്‍ത്താ മാധ്യമങ്ങളില്‍ താരമാകുകയും ചെയ്തു. ഒന്നും മനസ്സിലാകാത്ത രീതിയിലുള്ള മരുന്ന് കുറിപ്പടി വലിയ പ്രശ്‌നം തന്നെയാണെന്ന് പറയുന്ന ഡോ.നിതിന്‍ പുതിയ തലമുറയിലെ ഡോക്ടര്‍മാരില്‍ പലരും കുറിപ്പടിയിലെ കൈയ്യക്ഷരം നന്നാക്കുന്നതില്‍ ശ്രദ്ധിക്കുന്നുണ്ടെന്നും പറഞ്ഞിരുന്നു. 

 

ഡോക്ടറുടെ മരുന്ന് കുറിപ്പടി എങ്ങനെയാകണം.

രോഗിക്ക് മനസ്സിലാകാത്ത രീതിയില്‍ അവ്യക്തമായി മരുന്നു കുറിപ്പടി എഴുതരുതെന്നും ഇംഗ്ലീഷില്‍ വലിയക്ഷരത്തില്‍ മാത്രമേ മരുന്നു കുറിപ്പടികള്‍ എഴുതാന്‍ പാടുള്ളൂവെന്നും 2014 ജനുവരി 23ന് ഡല്‍ഹിയില്‍ ചേര്‍ന്ന ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ യോഗം രാജ്യത്തെ ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. കൈയക്ഷരം മനസ്സിലാകാതെ മരുന്ന് മാറി നല്‍കുന്ന പ്രശ്നമുണ്ടായാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം ഡോക്ടര്‍മാര്‍ക്കുണ്ടെന്നും ഈ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ അധികൃതര്‍ പറഞ്ഞിരുന്നു.

2015ല്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും മരുന്നു കുറിപ്പടിയിലെ മോശം കൈയ്യക്ഷരത്തിനെതിരെ രംഗത്തെത്തി. ഇത് സംബന്ധിച്ച സ്വമേധയാ ചില കേസുകള്‍ എടുക്കുകയും ചെയ്തു. കുറിപ്പടിയിലെ മോശം കൈയ്യക്ഷരം കാരണം രോഗികള്‍ക്ക് മരുന്ന് മാറി നല്‍കുന്ന സംഭവങ്ങള്‍ നിരവധിയുണ്ടെന്നും ഇത് വലിയ പ്രത്യാഘാതമാണ് ഉണ്ടാക്കുകയെന്നും വിവിധ സംസ്ഥാനങ്ങളിലെ കോടതികളും പല തവണ മുന്നറിയിപ്പ് നല്‍കുകയും ഇത് തടയാനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ അതാത് സംസ്ഥാനത്തെ സര്‍ക്കാറുകളോട് പല തവണ നിര്‍ദ്ദേശിക്കുകയും ചെയ്തു. എന്നാല്‍ അതൊന്നും ഇതുവരെ ഫലം കണ്ടില്ല. കുറിപ്പടിയിലെ ഡോക്ടര്‍മാരുടെ മോശം കൈയ്യക്ഷരം തുടരുകയാണ്.

ഇനി എന്താണ് പോംവഴി

മരുന്നു കുറിപ്പടികളിലെ ഡോക്ടര്‍മാരുടെ കൈയ്യക്ഷരം നന്നാക്കാന്‍ മിനക്കെട്ടിട്ട് കാര്യമില്ലെന്ന് സംസ്ഥാന സര്‍ക്കാറിനും ഒടുവില്‍ ബോധ്യമായിരിക്കുകയാണ്. ഇനി എന്താണ് പോംവഴിയെന്ന ചോദ്യത്തിന് ഒരു ഉത്തരമേ സര്‍ക്കാറിന് മുന്നിലുള്ളൂ. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ അടക്കമുള്ള ചികിത്സാ കേന്ദ്രങ്ങളില്‍  കമ്പ്യൂട്ടറുകളില്‍ മരുന്നുകളുടെ കുറിപ്പടി തയ്യാറാക്കുന്നത് വരെ കാത്തിരിക്കുക. അല്ലാതെ ഡോക്ടര്‍മാര്‍ അവരുടെ കൈയ്യക്ഷരം നന്നാക്കുമെന്ന് ഇനിയും കരുതുന്നത് ബുദ്ധിയല്ലെന്ന് സര്‍ക്കാറും തിരിച്ചറിയുന്നു. 

വന്‍കിട സ്വകാര്യ ആശുപത്രികളിലാണ് ഇപ്പോള്‍ മരുന്ന് കുറിപ്പടികള്‍ കമ്പ്യൂട്ടറില്‍ പ്രിന്റ് ചെയ്ത് നല്‍കുന്നത്. ഇത് രോഗികള്‍ക്കും ഫാര്‍മസിസ്റ്റുകള്‍ക്കുമെല്ലാം വലിയ ആശ്വാസമാണ്. എന്നാല്‍ ഇത് സര്‍ക്കാറിന്റെ ആരോഗ്യ കേന്ദ്രങ്ങളിലേക്കും ചെറുകിട ആശുപതികളിലേക്കുമെല്ലാം എത്തണമെങ്കില്‍ ഇനിയും ഒരുപാട് കാലം കാത്തിരിക്കേണ്ടി വരും. അത്‌വരെ തനിക്ക് എന്താണ് അസുഖമെന്നോ അതിനുള്ള മരുന്ന് എന്താണെന്നോ അറിയാതെ പ്രാചീന ലിപിയിലേത് പോലുള്ള മരുന്നു കുറിപ്പടിയുമായി പതിവു പോലെ മെഡിക്കല്‍ ഷോപ്പിലേക്ക് ഓടുകയെന്നത് മാത്രമേ രോഗികള്‍ക്ക് ചെയ്യാനുള്ളൂ.

==========

Latest News