കൊച്ചി - കൂടത്തായിയിലെ ബന്ധുക്കളായ ആറുപേരുടെ സയനൈഡ് കൂട്ട കൊലപാതക കേസിൽ മുഖ്യ പ്രതി ജോളി ജോസഫിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് സി.എസ് ഡയസിന്റെതാണ് നടപടി.
കേസിൽ ശാസ്ത്രീയ തെളിവുകളുടെ അഭാവമുള്ളതിനാൽ തനിക്കെതിരായ ആരോപണങ്ങൾ നിലനില്‍ക്കില്ലെന്ന് ചൂണ്ടികാട്ടിയാണ് ജോളി ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ ശാസ്ത്രീയ തെളിവുകൾ ഹൈദരാബാദ് ഫോറൻസിക്ക് ലാബിൽനിന്നും ഇനിയും ഹാജരാക്കാൻ പ്രോസിക്യൂഷനായിട്ടില്ലെന്ന് പറഞ്ഞായിരുന്നു ജോളിയുടെ ജാമ്യ ആവശ്യം.
എന്നാൽ, സ്ത്രീ എന്ന യാതൊരു പരിഗണനയും അർഹിക്കാത്ത കുറ്റകൃത്യം ചെയ്ത പ്രതിയാണ് ജോളി എന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഹീന കുറ്റകൃത്യം നടത്തിയ ജോളിക്കെതിരായ എല്ലാ കേസുകളുടേയും വിചാരണ കോഴിക്കോട് പ്രത്യേക കോടതിയിൽ പുരോഗമിക്കുകയാണെന്നും ഈ ഘട്ടത്തിൽ ജോളിക്ക് ജാമ്യം നല്കരുതെന്നുള്ള പ്രോസിക്യൂഷന്റെ എതിർ വാദം കോടതി അംഗീകരിച്ചാണ് പ്രതിയുടെ ഹരജി തള്ളിയത്.