പാലക്കാട് / തൃശൂർ - ഐസ്‌ക്രീമിൽ വിഷം ചേർത്ത് മൂന്ന് വയസുള്ള കുഞ്ഞുമായി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. പാലക്കാട് ജില്ലയിലെ കോട്ടായിലെ ബിൻസി(37)യാണ് മരിച്ചത്. മകൾ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
പത്തുദിവസം മുമ്പ് ഭർതൃവീട്ടിൽ വച്ചാണ് സംഭവമുണ്ടായത്. ഭർത്താവ് സുരേഷ് പുറത്തുപോയ സമയത്ത് യുവതി കുഞ്ഞുമായി ഐസ്‌ക്രീമിൽ വിഷം ചേർത്ത് ആത്മഹത്യക്കു ശ്രമിക്കുകയായിരുന്നു. വൈകീട്ട് ഭർത്താവ് വീട്ടിലെത്തിയപ്പോൾ ബിൻസിയെയും കുഞ്ഞിനെയും റൂമിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഉടനെ ഇരുവരെയും പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ശേഷം തുടർ ചികിത്സയ്ക്കിടെ തൃശൂർ മെഡിക്കൽ കോളജിൽ കഴിയവെ ഇന്ന് രാവിലെയാണ് ബിൻസി വിടപറഞ്ഞത്. കുഞ്ഞ് അപകടനില തരണം ചെയ്തതായി ഡോക്ടർമാർ പറഞ്ഞു.
11 വർഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. ഐസ്‌ക്രീമിൽ വിഷം ചേർത്ത് ജീവനൊടുക്കിയതിന്റെ കാരണം വ്യക്തമല്ലെന്നും കേസെടുത്ത് വിശദമായ അന്വേഷണം തുടരുകയാണെന്നും പോലീസ് പ്രതികരിച്ചു.