ചെന്നൈ- ദ്രാവിഡ മുന്നേട്ര കഴകം (ഡി.എം.കെ) അധ്യക്ഷനായി എം.കെ സ്റ്റാലിന്‍ ഐകകണഠ്യേന തെരഞ്ഞെടുക്കപ്പെട്ടു. പാര്‍ട്ടി ആസ്ഥാനത്തു ചൊവ്വാഴ്ച നടന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്. പ്രിന്‍സിപ്പല്‍ സെക്രട്ടറി ദുരൈമുരുഗനാണ് പുതിയ ട്രഷറര്‍. ദീര്‍ഘകാലം അധ്യക്ഷപദവിയിലിരുന്ന തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിയുടെ മരണത്തെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ്. സ്റ്റാലിനെതിരെ ആരും നാമ നിര്‍ദേശ പത്രിക നല്‍കിയിരുന്നില്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ അന്‍പഴകന്‍ പറഞ്ഞു. 1907 പേരാണ് അധ്യക്ഷപദവിയിലേക്ക് സ്റ്റാലിനെ പിന്തുണച്ചത്. അടിയന്തിരാവസ്ഥാ കാലത്ത് തടവനുഭവിച്ചിട്ടുള്ള സ്റ്റാലിന്‍ 1996ല്‍ ചെന്നൈ മേയറായി. പിന്നീട് നിയമസഭയിലെത്തിയ അദ്ദേഹം 2006ല്‍ മന്ത്രിയും 2009ല്‍ ഉപമുഖ്യമന്ത്രിയുമായി.