Sorry, you need to enable JavaScript to visit this website.

രാജ്യത്തെ ഏറ്റവും മികച്ച പത്ത് പോലീസ് സ്‌റ്റേഷനില്‍ ഉള്‍പ്പെട്ടതിന്റെ ആഹ്‌ളാദത്തില്‍ കുറ്റിപ്പുറം സ്‌റ്റേഷനിലെ പോലീസുകാര്‍

മലപ്പുറം - രാജ്യത്തെ ഏറ്റവും മികച്ച പത്ത് പോലീസ് സ്റ്റേഷനുകളുടെ പട്ടികയില്‍ ഇടംപിടിച്ച്  കുറ്റിപ്പുറം പോലീസ് സ്‌റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരെല്ലാം ആഹ്‌ളാദത്തിലാണ്. ഫെബ്രുവരി ആറാം തീയതി പുരസ്‌കാരം ഏറ്റുവാങ്ങും. അപൂര്‍വ്വ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. രാജ്യത്തെ 17,000 പോലീസ് സ്റ്റേഷനുകളില്‍ നിന്നാണ് കുറ്റിപ്പുറം ആദ്യ പത്തില്‍ ഇടം പിടിച്ചത്. ആഭ്യന്തര മന്ത്രാലയത്തിന്റെ പട്ടികയില്‍ കേരളത്തില്‍ ഒന്നാമതാണ് കുറ്റിപ്പുറം പോലീസ് സ്റ്റേഷന്‍. കേസുകള്‍ തീര്‍പ്പാക്കുന്നതിലെ മികവിനാണ് സ്റ്റേഷന് അംഗീകാരം ലഭിച്ചിരിക്കുന്നത്. സ്റ്റേഷനിലെത്തുന്ന പരാതികളില്‍ കുറ്റപത്രം വേഗത്തില്‍ സമര്‍പ്പിക്കുന്നത് കുറ്റിപ്പുറം പോലീസ് സ്റ്റേഷന് നേട്ടമായി. മുന്‍പ് പ്രവര്‍ത്തിച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥരുടേയും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരുടേയും മികച്ച പ്രവര്‍ത്തന ഫലമായാണ് ഈ അവാര്‍ഡിന് അര്‍ഹരായതെന്ന് കുറ്റിപ്പുറം സി ഐ പത്മരാജന്‍ പറയുന്നു. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം പരാതികള്‍ എങ്ങനെ പരിഹരിക്കുന്നു എന്നതാണ് കാര്യം. കേസുകള്‍ പരിഹരിക്കുന്ന രീതി, കേസുകള്‍ കെട്ടിക്കിടക്കുന്നത് എന്നിവയെല്ലാം നോക്കിയാണ് മികച്ച പോലീസ്  സ്‌റ്റേഷനുകളെ തെരഞ്ഞെടുത്തത്. കുറ്റിപ്പുറം പോലീസ് സ്‌റ്റേഷനില്‍ വനിതകളുടെ പരാതികള്‍ പ്രത്യേകമായി പരിഗണിക്കാറുണ്ട്. പോക്‌സോ കേസുള്‍പ്പെടെ സമബന്ധിതമായ തീര്‍പ്പാക്കാറുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

 

 

 

Latest News