കോട്ടയം- ഓട്ടിസത്തിനൊപ്പം അപൂര്‍വ്വ രോഗം ബാധിച്ച മകനെ വളര്‍ത്താന്‍ മാര്‍ഗ്ഗമില്ലാത്തതിന്റെ പേരില്‍ ദയാവധം ആവശ്യപ്പെട്ട് രംഗത്ത് വന്ന കുടുംബത്തിന്റെ രക്ഷക്കായി ജില്ലാ ശിശുക്ഷേമ സമിതി. ഈ കുടുംബത്തെ ജില്ലാ ശിശുക്ഷേമ സമിതി അംഗങ്ങള്‍ സന്ദര്‍ശിക്കുകയും കുട്ടികളുടെ ചികിത്സ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അടിയന്തര നടപടി എടുക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. കൊഴുവനാലിലെ സ്മിത ആന്റണിയാണ് ഓട്ടിസവും അപൂര്‍വ്വ രോഗവും ബാധിച്ച മകനെ വളര്‍ത്താന്‍ മാര്‍ഗമില്ലാത്തതിനാല്‍ ദയാവധത്തിനായി സുപ്രീം കോടതിയെ സമീപിക്കുകയാണെന്ന ആവശ്യവുമായി കഴിഞ്ഞ ദിവസം പത്രസമ്മേളനം നടത്തിയത്.
കുടുംബം ഉന്നയിക്കുന്ന പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്താണ് ജില്ലാ ശിശുക്ഷേമ സമിതിയുടെ ഇടപെടല്‍. ചെയര്മാന് ഡോക്ടര്‍ അരുണ്‍ കുര്യന്റെ നേതൃത്വത്തിലാണ് ശിശുക്ഷേമ സമിതി അംഗങ്ങള്‍ സ്മിതയുടെ വീട്ടിലെത്തിയത്. രോഗബാധിതരായ രണ്ട് കുട്ടികളുടെയും അവസ്ഥ സമിതി നേരിട്ട് മനസ്സിലാക്കി. കുട്ടികള്‍ക്ക് മതിയായ പരിചരണവും ചികിത്സയും നല്കാന് പഞ്ചായത്തിന്റെ ഇടപെടല്‍ ഉറപ്പാക്കുമെന്ന് ശിശുക്ഷേമ സമിതി അധ്യക്ഷന്‍ വ്യക്തമാക്കി. ഏറ്റവും അടുത്തുള്ള ബ്ലോക്ക് റിസോഴ്സ് സെന്ററില്‍ ഇതിനായുള്ള ക്രമീകരണങ്ങള്‍ ഒരുക്കും.
മാതാപിതാക്കളില്‍ ഒരാള്‍ക്ക് പഞ്ചായത്തില്‍ തന്നെ ജോലി നല്‍കണമെന്ന ആവശ്യത്തില്‍ ശിശുക്ഷേമ സമിതി ഉറപ്പൊന്നും നല്‍കിയില്ല. വിഷയം കളക്ടറടക്കം ഉന്നത ഉദ്യോഗസ്ഥരുടെയും സര്‍ക്കാരിന്റെയും ശ്രദ്ധയില്‍പ്പെടുത്തും. ശിശുക്ഷേമ സമിതിയുടെ ഇടപെടലില്‍ കുടുംബവും സന്തോഷം അറിയിച്ചു. മൂന്ന് മക്കളില്‍ രണ്ട് പേര്‍ക്ക് ഓട്ടിസം ബാധിക്കുകയും ഓട്ടിസം ബാധിതനായ ഒരു കുട്ടിക്ക് അപൂര്‍വ രോഗമായ സോള്‍ട്ട് വേസ്റ്റിംഗ് കണ്ടിജന്റല്‍ അഡ്രിനാല്‍ ഹൈപ്പര്‍പ്ലാസിയ കൂടി ഉണ്ടാവുകയും ചെയ്തതോടെയാണ് സ്മിതയും കുടുംബവും പ്രതിസന്ധിയിലായതും ദയാവധം ആവശ്യപ്പെട്ട് രംഗത്ത് വന്നതും.