തിരുവനന്തപുരം - കോട്ടയത്ത് തന്നെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കണമെന്ന് യു ഡി എഫിനോട് പി സി തോമസ്. ലയന സമയത്ത് രാജ്യസഭാ സീറ്റ് നല്‍കാമെന്ന് ധാരണയുണ്ടായിരുന്നുവെന്നും അതുണ്ടായില്ലെന്നും അദ്ദേഹം പറയുന്നു. കോണ്‍ഗ്രസുമായി ഇന്ന് സീറ്റ് ചര്‍ച്ചകള്‍ ആരംഭിക്കാനിരിക്കെയാണ് പി സി തോമസിന്റെ പ്രതികരണം ഉണ്ടായിരിക്കുന്നത്.
ഇടതുമുന്നണിയില്‍ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പായിരിക്കും കോട്ടയത്ത് മത്സരിക്കുക. ഇതിനെതിരെ ശക്തനായ സ്ഥാനാര്‍ത്ഥി തന്നെ വേണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. നിലവില്‍ കേരള കോണ്‍ഗ്രസിന്‍ നിന്ന് ഫ്രാന്‍സിസ് ജോര്‍ജ്, എം പി ജോസഫ് എന്നിവരെ യു ഡി എഫ് ഇവിടേക്ക് പരിഗണിക്കുന്നുണ്ട്.
അതേസമയം പി സി തോമസിന്റെ പരസ്യ പ്രതികരണത്തോടെ കോട്ടയം സീറ്റിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം സങ്കീര്‍ണമാകുമെന്ന് ഉറപ്പാണ്. എല്ലാവരും ഒന്നിനൊന്ന് കരുത്തരാണ്. കേരള കോണ്‍ഗ്രസില്‍ നേരത്തെ തന്നെ കോട്ടയം സീറ്റ് സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു.
ആദ്യ ഘട്ടത്തില്‍ പാര്‍ട്ടി ചെയര്‍മാന്‍ പി ജെ ജോസഫ് അടക്കമുള്ളവരുടെ പേരുകളാണ് ചര്‍ച്ചയായിരുന്നത്. ഇത് പിന്നീട് മറ്റ് പേരുകളിലേക്ക് എത്തി നില്‍ക്കുകയാണ്. നിലവില്‍ സാധ്യത പട്ടികയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഫ്രാന്‍സിസ് ജോര്‍ജാണ്. എന്നാല്‍ അപ്രതീക്ഷിതമായി പി സി തോമസ് സ്ഥാനാര്‍ത്ഥിത്വം പരസ്യമായി ചോദിച്ചതോടെ കേരള കോണ്‍ഗ്രസും കോണ്‍ഗ്രസും ഒരുപോലെ വെട്ടിലായിരിക്കുകയാണ്.