ന്യൂദല്‍ഹി - ഖനന അഴിമതി കേസില്‍ അന്വേഷണം നേരിടുന്ന ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ഒളിവിലെന്ന് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ്. ദല്‍ഹിയിലെ വസതിയില്‍ അടക്കം സോറന്‍ എവിടെ എന്നത് സംബന്ധിച്ച് വിവരമില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറഞ്ഞു. ഹേമന്ത് സോറനെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കുന്നതില്‍ നിയമോപദേശം തേടിയിരിക്കുകയാണ് ഇ.ഡി. അന്വേഷണത്തോട് സോറന്‍ സഹകരിക്കുന്നില്ലെന്ന് ഇ ഡി കോടതിയെ അറിയിക്കും. ജാര്‍ഖണ്ഡ് ഖനന അഴിമതി കേസില്‍ മുഖ്യമന്ത്രി ഹേമന്ത് സോറന് ഇ ഡിക്ക് മുന്നില്‍ ഈ മാസം 31ന് ചോദ്യം ചെയ്യലിന് ഹാജരാകാം എന്ന് അറിയിച്ചിരുന്നെങ്കിലും ഒളിവില്‍ പോയിരിക്കുകയാണെന്ന്ാണ് ഇ ഡി പറയുന്നത്. ഇ.ഡി സംഘം റാഞ്ചിയിലെ സോറന്റെ വസതിയില്‍ എത്തിയിരുന്നു. കേസില്‍ ചോദ്യം ചെയ്യലിനായി എട്ടാം തവണയാണ് ഹേമന്ത് സോറന് ഇ ഡി നോട്ടീസ് നല്‍കിയിരിക്കുന്നത്. കേസില്‍ നേരത്തെ നല്‍കിയ ഏഴ് സമന്‍സുകളിലും ഔദ്യോഗിക തിരക്ക് ചൂണ്ടിക്കാട്ടി ഹേമന്ത സോറന്‍ ഒഴിഞ്ഞ് മാറിയിരുന്നു. ഇ.ഡിയുടെ നടപടിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ ആദിവാസി സംഘടനകള്‍ പ്രതിഷേധിച്ചിരുന്നു. കേസില്‍ സോറന്റെ അടുത്ത അനുയായികളുടെ വസതികളില്‍ നടത്തിയ റെയ്ഡില്‍ ഏതാണ്ട് 50 കോടിയിലധികം രൂപയുടെ സ്വത്തുവകകള്‍ കണ്ടുകെട്ടിയിരുന്നു.