വഡോദര, ഗുജറാത്ത്- വഡോദരയിലെ ഒരു അലക്കു കടയില്‍ മോഷണം നടത്തി 25,000 രൂപയുമായി കടന്ന നാല് സ്ത്രീകള്‍ ആള്‍ക്കൂട്ടത്തിന്റെ രോഷം ഒഴിവാക്കാന്‍ നടുറോഡില്‍ തുണിയുരിഞ്ഞു.
ഇക്ബാല്‍ ധോബി എന്ന അലക്കുകാരനാണ് ഇംഗ്ലണ്ട് ലോണ്‍ട്രി എന്ന തന്റെ ഷോപ്പില്‍നിന്ന് പുറത്തിറങ്ങി നാല് സ്ത്രീകള്‍ ക്യാഷ് കൗണ്ടറില്‍നിന്ന് 25,000 രൂപ മോഷ്ടിച്ചതായി നാട്ടുകാരോട് പറഞ്ഞത്. കരേലിബാഗിലെ അംബലാല്‍ പാര്‍ക്ക് പരിസരത്ത് തടിച്ചുകൂടിയ ജനം ഇവരെ തിരയാന്‍ തുടങ്ങി.
രക്ഷപ്പെട്ട നാല് സ്ത്രീകളെ ഒരു സംഘം ആളുകള്‍ പിന്തുടരുമ്പോള്‍, അവര്‍ തെരുവില്‍ വസ്ത്രമഴിച്ച് പോലീസ് കാര്‍ വരുന്നതുവരെ കാത്തിരുന്നു. സ്ത്രീകള്‍ വസ്ത്രമഴിച്ചതോടെ പിന്നെ ആരും അവരുടെ അടുത്തേക്ക് ചെന്നില്ല.
തങ്ങളുടെ ഐഡന്റിറ്റി വെളിപ്പെടുത്താന്‍ വിസമ്മതിച്ച സ്ത്രീകളില്‍നിന്ന് 9,000 രൂപ കണ്ടെടുത്തതായി പോലീസ് പറഞ്ഞു. 'സ്ത്രീകളുടെ പേരോ ഐഡന്റിറ്റിയോ വെളിപ്പെടുത്തുന്നില്ല. വിഷയം അന്വേഷിക്കുന്നതിനായി, ബറോഡ സിറ്റിസണ്‍സ് കൗണ്‍സില്‍, പോലീസ് സ്‌റ്റേഷന്‍ ബേസ്ഡ് സപ്പോര്‍ട്ട് സെന്റര്‍, 181 അഭയം, മഹിള എന്നിവയുടെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന കൗണ്‍സിലര്‍മാരുടെ ഒരു പാനല്‍ പോലീസ് രൂപീകരിച്ചിട്ടുണ്ട്. മോഷ്ടിച്ച പണത്തിന്റെ 9,000 രൂപ ഞങ്ങള്‍ കണ്ടെടുത്തു, സ്ത്രീകള്‍ ഓടിപ്പോയപ്പോള്‍ കുറച്ച് പണം റോഡില്‍ ഉപേക്ഷിച്ചതായി തോന്നുന്നു - പോലീസ് പറഞ്ഞു.