Sorry, you need to enable JavaScript to visit this website.

VIDEO - മധുരക്കിനാവിന്റെ കതകിൽ സ്‌നേഹത്തിന്റെ കൂട്ടൊരുക്കി ഈ വിദ്യാർഥികൾ

കൊണ്ടോട്ടി- കണ്ടാലും കണ്ടാലും മതിവരാതെ, മധുരക്കിനാവിന്റെ കതക് തുറന്ന് അരികിൽ വന്നിരിക്കുന്ന ചില രംഗങ്ങളുണ്ട്. ഓർമ്മകളിൽ പോലും സനേഹത്തിന്‍റെ തണുപ്പുമായെത്തുന്ന അത്തരം രംഗങ്ങൾക്കൊന്നിന് സാക്ഷിയായിരിക്കുകയാണ് ഇന്ന് കൊണ്ടോട്ടി ഇം.എം.ഇ.എ ഹയർ സെക്കണ്ടറി സ്‌കൂൾ. 

സംഭവം ഇങ്ങിനെ:
ഇ.എം.ഇ.എ ഹയർ സെക്കണ്ടറി സ്‌കൂൾ പ്രിൻസിപ്പൽ അബ്ദുറസാഖ് മാസ്റ്റർ, ഉപ പ്രധാനാധ്യാപിക അനിത ടീച്ചർ എന്നിവർക്കുള്ള യാത്രയയപ്പും ദേശീയ സംസ്ഥാന കലാ-കായിക മത്സരങ്ങളിൽ സമ്മാനം നേടിയവർക്കുള്ള ഉപഹാര വിതരണവും തിങ്കളാഴ്ച രാവിലെ 11 മുതൽ വൈകിട്ട് അഞ്ചുവരെ സ്‌കൂളിൽ നിശ്ചയിച്ചിരുന്നു. ഇതിന്റെ ഇടവേളയിലാണ് ഭിന്നശേഷിക്കാരിയായ സിയാന തനിക്ക് നൃത്തം ചെയ്യണമെന്ന മോഹം കൂട്ടുകാരികളോട് പറഞ്ഞത്. വിദ്യാർഥികൾ ഇക്കാര്യം മൈക്ക് ഓപ്പറേറ്ററെ അറിയിച്ചു. ഉടൻ പാട്ടു വന്നു. 
 
മധുരക്കിനാവിന്റെ കതക് തുറക്കുന്ന
മതിഭ്രമദായിനി പരിമളഗാത്രേ
ഹാലേതാ 
ഹാലേ നിന്നെ കണ്ടാലാകെ 
ഹാലാകെ മാറുന്നേ.. 

സ്റ്റേജിൽ സിയാന മാത്രം. വേദിക്ക് പുറത്ത് നൂറുകണക്കിന് കുട്ടികൾ. സ്റ്റേജിന് താഴെയെത്തി ചുവടുകൾ വെച്ച് ഫാത്തിമ ഇഖ്ബാൽ. നാലു മിനിറ്റോളം പിന്നീടൊരു കാഴ്ച തന്നെയായിരുന്നു. കൈ പിടിക്കാനാളുണ്ടെങ്കിൽ ആരും തകർന്നും തളർന്നുപോകില്ലെന്നും കൂടെ ചേർത്തുനിർത്താൻ നൂറു കണക്കിന് ചുമലുകളുണ്ടെന്നും ഈ കുട്ടികൾ ഓരോ ചുവടുവെപ്പിലൂടെയും ആവർത്തിച്ചു. മൈക്ക് ഓപ്പറേറ്റർ നിസാർ പകർത്തി വീഡിയോ സ്‌കൂളിലെ അധ്യാപകർ ജാഫർ സാദിഖാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. 

കണ്ടുതീർന്നാലും ഒരു മധുരക്കിനാവ് പോലെ അരികിലെത്തി തലോടുന്നൊരു ഗംഭീരരംഗം കൂടി ഏറ്റുവാങ്ങി ഒരിക്കലും അടഞ്ഞുപോകാത്തൊരു മധുരക്കിനാവിന്റെ കതകിലൂടെയാകണം റസാഖ് മാസ്റ്ററും അനിത ടീച്ചറും ഇ.എം.ഇ.എ സ്‌കൂളിന്റെ പടിയിറങ്ങുന്നത്. 
 

Latest News