ന്യൂദല്‍ഹി - ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സംവരണം ഒഴിവാക്കുന്നതിനുള്ള കരട് മാര്‍ഗനിര്‍ദേശം പുറത്തിറക്കിയ യു.ജി.സി ചെയര്‍മാന്‍ എം. ജഗദേഷ് കുമാറിനെ പിരിച്ചുവിടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇത് എസ്‌സി, എസ്ടി, ഒ.ബി.സി വിഭാഗങ്ങള്‍ക്ക് നല്‍കുന്ന സംവരണം അവസാനിപ്പിക്കാനുള്ള ഗൂഢാലോചനയാണെന്ന് പാര്‍ട്ടി നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചു.
എസ്‌സി, എസ്ടി, ഒ.ബി.സി ഉദ്യോഗാര്‍ഥികള്‍ക്കായി സംവരണം ചെയ്തിട്ടുള്ള ഏതെങ്കിലും ഒഴിവുകള്‍ ഈ വിഭാഗങ്ങളില്‍ നിന്നുള്ള മതിയായ ഉദ്യോഗാര്‍ഥികള്‍ ലഭ്യമല്ലെങ്കില്‍ 'സംവരണരഹിതമായി പ്രഖ്യാപിക്കാം' എന്ന് നിര്‍ദ്ദേശിക്കുന്ന യു.ജി.സിയുടെ കരട് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉടന്‍ പിന്‍വലിക്കണമെന്ന് പാര്‍ട്ടി ഞായറാഴ്ച ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ (അധ്യാപക കേഡറിലെ സംവരണം) നിയമം 2019 നിലവില്‍ വന്നതിന് ശേഷം ഒരു തസ്തികയും സംവരണം ഒഴിവാക്കില്ലെന്നും സംവരണത്തെക്കുറിച്ച് അവ്യക്തതക്ക് സാധ്യതയില്ലെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ വ്യക്തമാക്കി.
എക്‌സില്‍ ഹിന്ദിയിലുള്ള ഒരു പോസ്റ്റില്‍, നിരാലംബരായ വിഭാഗങ്ങളുടെ പങ്കാളിത്തം ഇല്ലാതാക്കാനുള്ള ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും ശ്രമമാണിതെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. മുഴുവന്‍ പിന്നാക്ക വിഭാഗങ്ങളോടും ജഗദേശ് കുമാര്‍ മാപ്പ് പറയണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടു. യു.ജി.സിയുടെ പുതിയ കരട് രേഖയില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങള്‍ക്ക് നല്‍കിയിരുന്ന സംവരണം അവസാനിപ്പിക്കാനുള്ള ഗൂഢാലോചനയുണ്ട്.
45 കേന്ദ്ര സര്‍വകലാശാലകളിലെ ഏകദേശം 7000 സംവരണ തസ്തികകളില്‍ 3000 എണ്ണവും ഒഴിഞ്ഞുകിടക്കുകയാണ്. അതില്‍ 7.1 ശതമാനം ദളിതരും 1.6 ശതമാനം ആദിവാസികളും 4.5 ശതമാനം പിന്നാക്ക വിഭാഗത്തിലും പെട്ട പ്രൊഫസര്‍മാരാണ്.