Sorry, you need to enable JavaScript to visit this website.

കാമ്പസ് രാഷ്ട്രീയം വേണ്ട; ഹരജിയില്‍ വിദ്യാര്‍ഥി സംഘടനകള്‍ക്ക് നോട്ടീസയച്ച് ഹൈക്കോടതി

കൊച്ചി- സംസ്ഥാനത്തെ കോളേജുകളില്‍ കാമ്പസ് രാഷ്ട്രീയം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യഹരജിയില്‍ സംസ്ഥാന സര്‍ക്കാരിനും വിദ്യാര്‍ഥി സംഘടനകള്‍ക്കും ഹൈക്കോടതി നോട്ടീസ്.  എസ്.എഫ്.ഐ, കെ.എസ്.യു, എ.ബി.വി.പി, എം.എസ്.എഫ് തുടങ്ങിയ വിദ്യാര്‍ഥി സംഘടനകള്‍ക്കും സംസ്ഥാനത്തെ യൂനിവേഴ്‌സിറ്റികള്‍ക്കും നോട്ടീസ് അയക്കുന്നതിന് രജിസ്ട്രിക്ക് നിര്‍ദേശം നല്‍കി. എറണാകുളം സ്വദേശി എന്‍ പ്രകാശ് നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ഹരജി ഹൈക്കോടതി പിന്നീട് പരിഗണിക്കും.
സംസ്ഥാനത്തെ കലാലയങ്ങള്‍ വിദ്യാര്‍ഥി രാഷ്ട്രീയം കൊണ്ട് കലാപഭൂമിയായി മാറുകയാണെന്നും എറണാകുളം മഹാരാജാസ് കോളജില്‍ വിവിധ വിദ്യാര്‍ഥി സംഘടനകള്‍ തമ്മില്‍ അടുത്ത കാലത്ത് സംഘട്ടനമുണ്ടായതായും ഹരജിയില്‍ പറയുന്നു. നിലവിലെ സാഹചര്യത്തില്‍ ക്യാമ്പസുകളിലെ വിദ്യാര്‍ഥി രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനായിട്ടില്ലെന്നും വിവിധ സമയങ്ങളില്‍ ഹൈക്കോടതി ഉള്‍പ്പെടെ നല്‍കിയ ഉത്തരവുകള്‍ക്ക് വിരുദ്ധമായാണ് വിദ്യാര്‍ഥി രാഷ്ട്രീയ പ്രവര്‍ത്തനം നടക്കുന്നതെന്നും ഹരജിയില്‍ പറയുന്നു. വിദ്യാര്‍ഥികളേയും മാതാപിതാക്കളേയും വിദ്യാര്‍ഥി രാഷ്ട്രീയം ദോഷകരമായി ബാധിക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. മഹാരാജാസ് കോളജില്‍ ഉള്‍പ്പെടെ പല കോളജുകളിലും രാഷ്ട്രീയ സംഘട്ടനം പതിവാണെന്നും സമാധാനപരമായ അന്തരീക്ഷം നിലനില്‍ക്കുന്നില്ലെന്നും ഹരജി പറയുന്നു. ഈ സാഹചര്യത്തില്‍ കോളേജുകളിലെ ക്യാമ്പസ് രാഷ്ട്രീയം തുടച്ച് നീക്കണമെന്നാണ് ഹരജിയിലെ ആവശ്യം.

 

Latest News