Sorry, you need to enable JavaScript to visit this website.

യു.എൻ റിലീഫ് ഏജൻസിക്കെതിരായ ആരോപണം; നിരീക്ഷിക്കുന്നതായി സൗദി

ജിദ്ദ - യു.എൻ റിലീഫ് ആന്റ് വർക്‌സ് ഏജൻസി ഫോർ ഫലസ്തീൻ റെഫ്യൂജീസിയിലെ ഏതാനും ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആരോപണങ്ങളും ഇതുസംബന്ധിച്ചുള്ള രാജ്യാന്തര പ്രതികരണങ്ങളും സൗദി അറേബ്യ സസൂക്ഷ്മം നിരീക്ഷിക്കുന്നതായി വിദേശ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. തെളിവുകൾ സഹിതം വസ്തുതകൾ പുറത്തുകൊണ്ടുവരുന്നതിന് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ പരിശോധനയും അന്വേഷണ നടപടികളും ശക്തിപ്പെടുത്തണം. യു.എൻ റിലീഫ് ആന്റ് വർക്‌സ് ഏജൻസി ഫോർ ഫലസ്തീൻ റെഫ്യൂജീസ് ഉദ്യോഗസ്ഥർ വലിയ ത്യാഗങ്ങൾ സഹിക്കുന്നുണ്ട്. ഗാസയിൽ റിലീഫ് കേന്ദ്രങ്ങൾക്കു നേരെ ഇസ്രായിൽ നടത്തുന്ന ക്രമരഹിതമായ വ്യോമാക്രമണങ്ങൾ കാരണം യു.എൻ റിലീഫ് എജൻസിയിലെ നിരവധി ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. 

ഉപരോധത്തിൽ കഴിയുന്ന ഗാസയിലെ ഫലസ്തീൻ അഭയാർഥികളോടുള്ള മാനുഷിക ദൗത്യങ്ങളെ പിന്തുണക്കുന്നതിൽ യു.എൻ റിലീഫ് എജൻസിയെ സപ്പോർട്ട് ചെയ്യുന്ന രാജ്യങ്ങൾ തങ്ങളുടെതായ പങ്ക് വഹിക്കണം. അധിനിവിഷ്ട ഫലസ്തീനിലെ മാനുഷിക പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കാനും ഫലസ്തീനികളുടെ അടിസ്ഥാന ആവശ്യകതകൾ ഉറപ്പാക്കാനും ഏജൻസി അതിന്റെ ചുമതലകൾ തുടരേണ്ടത് പ്രധാനമാണ്. അന്താരാഷ്ട്ര നിയമങ്ങളും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളും ഇസ്രായിൽ നഗ്നമായി ലംഘിക്കുന്നതിന്റെ ഫലമായി ഉപരോധിക്കപ്പെട്ട ഗാസയിൽ വഷളായിക്കൊണ്ടിരിക്കുന്ന മാനുഷിക പ്രതിസന്ധിയെ കുറിച്ചുള്ള ആഴത്തിലുള്ള ആശങ്ക സൗദി അറേബ്യ ആവർത്തിച്ചു.
 

 

Latest News