ബംഗളൂരു- മാണ്ഡ്യയിലെ പതാക വിവാദം രൂക്ഷമാകുന്നു. ദേശീയ പതാകയോട് അനാദരവ് കാണിച്ചതിലൂടെ ബി.ജെ.പി രാജ്യദ്രോഹികളുടെ പാര്‍ട്ടിയായി സ്വയം സാക്ഷ്യപ്പെടുത്തിയെന്നു കര്‍ണാടക ഗ്രാമവികസന മന്ത്രി പ്രിയങ്ക് ഖാര്‍ഗെ ആഞ്ഞടിച്ചു. ദേശീയ പതാകയും ഭരണഘടനയും രാജ്യത്തിന്റെ അഖണ്ഡതയും ഇഷ്ടപ്പെടുന്നില്ലെങ്കില്‍ ബി.ജെ.പിക്കാര്‍ക്ക് പാകിസ്ഥാനിലേക്ക് പോകാമെന്നും അദ്ദേഹം പറഞ്ഞു.
മാണ്ഡ്യയിലെ സര്‍ക്കാര്‍ ഭൂമിയില്‍ കാവി പതാക ഉയര്‍ത്തിയതുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. മാണ്ഡ്യയിലെ കെരഗൊഡു ഗ്രാമത്തില്‍ ഈ മാസം 19ന് 108 അടി ഉയരമുള്ള കൊടിമരത്തില്‍ സ്ഥാപിച്ച ഹനുമാന്‍ പതാക നീക്കിയിരുന്നു. ദേശീയ പതാക മാത്രം ഉയര്‍ത്താന്‍ അനുമതിയുള്ള കൊടിമരത്തിലാണ് കാവി പതാക നാട്ടിയത്. ശനിയാഴ്ച താലൂക്ക് പഞ്ചായത്ത് എക്‌സിക്യുട്ടീവ് ഓഫീസര്‍ വീണയാണ് പതാക നീക്കാന്‍ ഗ്രാമ പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഞായറാഴ്ച രാവിലെ ബി.ജെ.പി., ജെ.ഡി.എസ്. പ്രവര്‍ത്തകരും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരും നടത്തിയ പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങി. പോലീസ് ലാത്തിവീശിയാണ് പ്രതിഷേധക്കാരെ ശാന്തമാക്കിയത്.
തീരദേശ മേഖലയിലേതുപോലെ മാണ്ഡ്യയിലും വര്‍ഗീയ രാഷ്ട്രീയത്തിന്റെ പരീക്ഷണങ്ങള്‍ ബി.ജെ.പി നടത്തുകയാണെന്ന് ഖാര്‍ഗെ ആരോപിച്ചു. സമൂഹത്തില്‍ സമാധാനം നിലനില്‍ക്കുന്നത് ബി.ജെ.പിക്കും സംഘപരിവാറിനും ദഹിക്കുന്നില്ല. അതിനാല്‍ ബി.ജെ.പി നേതാക്കള്‍ വര്‍ഗീയത്തീ പടര്‍ത്തി ചൂടുപിടിക്കുകയാണെന്ന് എക്‌സിലൂടെ പ്രിയങ്ക് ഖാര്‍ഗെ പറഞ്ഞു.
Read more: