പുല്‍പള്ളി-കാട്ടാന ആക്രമണത്തില്‍ വിദ്യാര്‍ഥിക്ക്ഗുരുതര പരിക്ക്. വിജയ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ശരത്തിനാണ്(14)പരിക്കേറ്റത്. പാക്കം കാരേരിക്കുന്ന് കാട്ടുനായ്ക്ക കോളനിയിലെ വിജയന്‍-കമലാക്ഷി ദമ്പതികളുടെ മകനാണ്. പുഴമൂലയില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്തശേഷം ഞായറാഴ്ച രാത്രി എട്ടോടെ കൂട്ടുകാര്‍ക്കൊപ്പം കോളനിയിലേക്ക് മടങ്ങുമ്പോഴാണ് തോട്ടത്തില്‍നിന്നു റോഡിലേക്കിറങ്ങിയ ആന ശരത്തിനെ ആക്രമിച്ചത്. വീടിന് ഏകദേശം 200 മീറ്റര്‍ അകലെയായിരുന്നു സംഭവം. ഓടിരക്ഷപ്പെട്ട കൂട്ടുകാര്‍ അറിയിച്ചതനുസരിച്ച് നാട്ടുകാര്‍ നടത്തിയ തെരച്ചലിലാണ് ശരത്തിനെ അവശ നിലയില്‍ കൃഷിയിടത്തില്‍ കണ്ടെത്തിയത്. മാനന്തവാടി ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച കുട്ടിയെ വാരിയെല്ലിനടക്കം പരിക്കേറ്റതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.