ശ്രീനഗര്‍- ഭൂമിയിലെ സ്വര്‍ഗത്തില്‍ തൂമഞ്ഞ് പൊഴിയുന്നു. അരിച്ചുകയറുന്ന തണുപ്പിലും ഭൂമിയുടെ സൗന്ദര്യക്കാഴ്ച ആസ്വദിക്കാന്‍ കശ്മീരിലേക്കെത്തുന്നത് നൂറുകണക്കിന് സഞ്ചാരികള്‍. ഗുല്‍മാര്‍ഗ്, പഹല്‍ഗാം, സോന്‍മാര്‍ഗ്, ഗുരെസ്, മച്ചില്‍, കര്‍ണ്ണ ദൂദ്പത്രി, ഷോപ്പിയാന്‍ എന്നീ പ്രദേശങ്ങളിലാണ് ഇപ്പോള്‍ മഞ്ഞുവീഴ്ചയുള്ളതായി റിപ്പോര്‍ട്ടുകളുള്ളത്.
ശൈത്യകാലം ആരംഭിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും കശ്മീരില്‍ മഞ്ഞുവീഴ്ച കുറഞ്ഞത് ആശങ്കയ്ക്കിടയാക്കിയിരുന്നു. വിനോദസഞ്ചാരത്തെ ഇത് നല്ല രീതിയില്‍ ബാധിച്ചു. മഞ്ഞില്ലാതായതോടെ സഞ്ചാരികള്‍ കൂട്ടമായി കശ്മീര്‍ യാത്രകള്‍ ഒഴിവാക്കിയിരുന്നു. മഞ്ഞ് വീഴ്ച ആരംഭിച്ചതോടെ താഴ്‌വരയില്‍ പലയിടത്തും കാലാവസ്ഥയിലും മാറ്റങ്ങളുണ്ടായി. ശ്രീനഗര്‍ നഗരത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില മൈനസ് 0.5 ഡിഗ്രി സെല്‍ഷ്യസാണ്. പഹല്‍ഗാം, ഖാസിഗുണ്ട്, ഗുല്‍മാര്‍ഗ് എന്നിവിടങ്ങളിലും മഞ്ഞുവീഴ്ചക്ക് ശേഷം താപനിലയില്‍ കാര്യമായ മാറ്റമുണ്ടായി. അപ്രതീക്ഷിതമായി മഞ്ഞ് വീഴ്ചയുണ്ടായതോടെ നിലവില്‍ കശ്മീരിലെ വിവിധ പ്രദേശങ്ങളിലുള്ള സഞ്ചാരികള്‍ ആവേശത്തിലായി. ഫെബ്രുവരി രണ്ടാമത്തെ ആഴ്ചവരെ താഴ്‌വരയില്‍ മഞ്ഞുവീഴ്ച തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.