മാലി- മാലദ്വീപിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ മാലദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടി (എംഡിപി) മുഹമ്മദ് മുയിസു സര്‍ക്കാരിനെതിരെ ഇംപീച്ച്‌മെന്റ് നടപടികള്‍ ആരംഭിക്കുന്നു. ഇതിന്റെ മുന്നോടിയായി അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതിന് ആവശ്യമായ ഒപ്പുകള്‍ ശേഖരിച്ചു. ചൈനീസ് അനുകൂല നിലപാടുള്ള പ്രസിഡന്റിനെതിരെയുള്ള ഇംപീച്ച്‌മെന്റ് പ്രമേയം ഉടന്‍ പാര്‍ലമെന്റില്‍ സമര്‍പ്പിച്ചേക്കും.
മുയിസുവിന്റെ കാബിനറ്റ് മന്ത്രിമാര്‍ക്ക് പാര്‍ലമെന്റിന്റെ അംഗീകാരം തേടാന്‍ വിളിച്ചുചേര്‍ത്ത പ്രത്യേക സമ്മേളനം തടസ്സപ്പെടുത്തി കഴിഞ്ഞ ദിവസം എം.പിമാര്‍ ഏറ്റുമുട്ടിയപ്പോള്‍ മാലദ്വീപ് പാര്‍ലമെന്റ് അരാജകത്വത്തിനാണ് സാക്ഷ്യം വഹിച്ചത്. പീപ്പിള്‍സ് നാഷണല്‍ കോണ്‍ഗ്രസും (പിഎന്‍സി) പ്രോഗ്രസീവ് പാര്‍ട്ടി ഓഫ് മാലിദ്വീപും (പിപിഎം) അടങ്ങുന്ന ഭരണ സഖ്യത്തിലെ എം.പിമാരാണ് എംഡിപിയുമായി ഏറ്റുമുട്ടിയത്.
എം.പിമാര്‍ സ്പീക്കറുടെ കസേരക്ക് സമീപം തടിച്ചുകൂടി പരസ്പരം അടികൂടുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോ. കണ്ടിത്തീമു എംപി അബ്ദുല്ല ഹക്കീം ഷഹീമും കെന്ദികുല്‍ഹുദൂ എംപി അഹമ്മദ് ഈസയും തമ്മിലുള്ള വാക്കേറ്റത്തിനിടെ രണ്ട് പാര്‍ലമെന്റ് അംഗങ്ങള്‍ ചേംബറിന് സമീപം വീണു. ഷഹീമിന് തലയ്ക്ക് പരിക്കേറ്റു.
വോട്ടെടുപ്പിന് മുന്നോടിയായി മുയിസുവിന്റെ മന്ത്രിസഭയിലെ നാല് അംഗങ്ങള്‍ക്ക് പാര്‍ലമെന്റിന്റെ അംഗീകാരം തടയാന്‍ എം.ഡി.പി തീരുമാനിച്ചതിനെ തുടര്‍ന്നാണ് പാര്‍ലമെന്റില്‍ അക്രമം നടന്നത്. തുടര്‍ന്ന്, സര്‍ക്കാര്‍ അനുകൂല എം.പിമാര്‍ പ്രതിഷേധം ആരംഭിച്ചത് സംഘര്‍ഷത്തിലേക്ക് നയിച്ചു.
അതേസമയം, പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് അസ്ലമിനും ഡെപ്യൂട്ടി സ്പീക്കര്‍ അഹമ്മദ് സലീമിനുമെതിരെ ഭരണകക്ഷിയായ പിപിഎം-പിഎന്‍സി സഖ്യം അവിശ്വാസ പ്രമേയം സമര്‍പ്പിച്ചതായി സണ്‍.എംവി വാര്‍ത്താ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു.
മന്ത്രിസഭക്ക് പാര്‍ലമെന്റിന്റെ അംഗീകാരം നിഷേധിക്കുന്നത് സര്‍ക്കാര്‍ പൗരന്മാര്‍ക്ക് നല്‍കുന്ന സേവനങ്ങളെ തടസ്സപ്പെടുത്തുന്നതിന് തുല്യമാണെന്ന് ഭരണ സഖ്യം പറഞ്ഞു.