റിയാദ്- അടുത്ത മാസം 10 മുതൽ 18 വരെ ഇന്ത്യൻ തലസ്ഥാനമായ ന്യൂദൽഹിയിൽ നടക്കുന്ന ന്യൂദൽഹി അന്താരാഷ്ട്ര പുസ്തകമേള 2024ൽ സൗദി അറേബ്യ വിശിഷ്ട രാജ്യമായി പങ്കെടുക്കും. ഇരു രാജ്യങ്ങളെയും ഒന്നിപ്പിക്കുന്ന ചരിത്രപരമായ ബന്ധങ്ങളിൽ ഇത് പുതിയ അധ്യായം എഴുതിച്ചേർക്കും.
സാഹിത്യം-പ്രസിദ്ധീകരണം-വിവർത്തന അതോറിറ്റിയുടെ നേതൃത്വത്തിൽ സംയോജിത സാംസ്‌കാരിക അനുഭവമായിരിക്കും ഇത് സമ്മാനിക്കുക. സൗദി അറേബ്യയുടെ സമ്പന്നമായ വിജ്ഞാനശേഖരം, പൈതൃകം, പുരാവസ്തുക്കൾ, സംസ്‌കാരം, കലകൾ എന്നിവ ഇന്ത്യൻ ജനതക്കിടയിൽ പ്രചരിപ്പിക്കും.
രാജ്യത്തെയും പ്രാദേശിക പ്രസിദ്ധീകരണ സ്ഥാപനങ്ങളിലെയും എഴുത്തുകാരുടെ പങ്കാളിത്തത്തോടെ സാംസ്‌കാരികവും കലാപരവും സാഹിത്യപരവും വൈജ്ഞാനികവുമായ വശങ്ങൾ ഉൾക്കൊള്ളുന്ന സെമിനാറുകളും ഡയലോഗ് സെഷനുകളും ഉൾപ്പെടെ വൈവിധ്യമാർന്ന സാംസ്‌കാരിക പരിപാടികൾ സൗദി അറേബ്യ അവതരിപ്പിക്കും. സൗദി പാചകരീതിയും രാജ്യത്തിന്റെ പരമ്പരാഗത കലാപ്രകടനങ്ങളും അവതരിപ്പിക്കും.
600ലധികം അന്തർദേശീയ പ്രസാധക സ്ഥാപനങ്ങൾ ബുക് ഫെയറിൽ പങ്കെടുക്കും. 1972-ലാണ് ന്യൂദൽഹി ഇന്റർനാഷണൽ ബുക്ക് ഫെയർ ആരംഭിച്ചത്.
വിഷൻ 2030 ന്റെ ഭാഗമായി അന്താരാഷ്ട്ര സാംസ്‌കാരിക വിനിമയം വർദ്ധിപ്പിക്കാനുള്ള സൗദി സാംസ്‌കാരിക മന്ത്രാലയത്തിന്റെ താൽപ്പര്യത്തിന്റെ പശ്ചാത്തലത്തിലാണ് ബുക് ഫെയറിലെ പങ്കാളിത്തം.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)