റിയാദ്- റിയാദ് സീസൺ കപ്പിലെ മൂന്നു മത്സരങ്ങളുടെയും ടിക്കറ്റുകൾ വൻ തുകയ്ക്ക് വിറ്റുപോയതായി സൗദി എന്റർടൈൻമെന്റ് അതോറിറ്റി മേധാവി തുർക്കി അൽ ശൈഖ് വ്യക്തമാക്കി. എക്‌സ് പ്ലാറ്റ്‌ഫോമിലാണ് തുർക്കി അൽ ശൈഖ് ഇക്കാര്യം പറഞ്ഞത്. റിയാദ് സീസൺ കപ്പിലെ മൂന്നു മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾ 45 ദശലക്ഷം റിയാലിന് (12 മില്യൺ ഡോളർ) വിറ്റുവെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ഈ തുകയിൽ സ്‌പോൺസർഷിപ്പുകളും കിംഗ്ഡം അരീനയിലെ ചില വാടക സ്ഥലങ്ങളും ഉൾപ്പെടുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, റിയാദ് സീസൺ കപ്പ് ടൂർണമെന്റിന് മുമ്പായി സ്‌റ്റേഡിയത്തിലെ ഒരുക്കങ്ങൾ അദ്ദേഹം വിലയിരുത്തി. റിയാദ് സീസണിൽ പതിവുപോലെ ഇതൊരു ചരിത്ര രാത്രിയായിരിക്കും- പ്രത്യേകിച്ച് അൽ ഹിലാൽ ക്ലബ്ബിന്. പുതിയ സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ലോകകപ്പ് ഫുട്‌ബോൾ മത്സരത്തിന് സമാനമായ ഒരുക്കങ്ങളാണ് ഒരുക്കിയത്. ഗതാഗതത്തിന്റെ മേൽനോട്ടം വഹിക്കാൻ വിവിധ രാജ്യങ്ങളിൽനിന്നുള്ള 300-ഓളം വിദഗ്ധരുണ്ട്. ക്യാമറ ഉപയോഗിച്ചാണ് ഗതാഗത നിയന്ത്രണം. ഇത് സൗദി അറേബ്യക്കും അതിന്റെ നേട്ടങ്ങൾക്കും അർഹമായ ചരിത്ര രാത്രി സമ്മാനിക്കും. മൂന്നു വ്യത്യസ്ത സ്റ്റുഡിയോകളിൽനിന്നാണ് മത്സരം സംപേക്ഷണം ചെയ്യുന്നത്. അറബ് ലോകത്തെ ചാനലുകളായ ഷാഹിദ്, എം.ബി.സി, ബീ.ഐ.എൻ സ്‌പോർട്‌സ്, കുവൈറ്റ്, മൊറോക്കോ, ഇറാഖ് ചാനലുകൾ മത്സരം സംപ്രേക്ഷണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)