അഗര്‍ത്തല- ഒരു ഇടവേളയ്ക്കു ശേഷം ചിരിപടത്തുന്ന പ്രസ്താവനയുമായി ത്രിപുരയിപെ ബി.ജെ.പി മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് രംഗത്ത്. ഗ്രാമീണ സമ്പദ് വ്യവസ്ഥയെ പുഷ്ടിപ്പെടുത്താന്‍ താറാവുകളെ വിതരണം ചെയ്യുന്ന പദ്ധതി സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി താറാവുകളെ കൊണ്ടുള്ള നേട്ടങ്ങളിലൊന്ന് എടുത്തു പറഞ്ഞതാണ് തമാശയ്ക്ക് വകയൊരുക്കിയത്. താറാവുകള്‍ നീന്തുന്ന വെള്ളത്തില്‍ ഓക്‌സിജന്റ് അളവ് വര്‍ധിക്കുമെന്നാണ് അദ്ദേഹത്തിന്റെ വാദം. രുദ്രസാഗര്‍ തടാകത്തില്‍ പരമ്പരാഗത വള്ളംകളി മത്സരം ഉല്‍ഘാടനം ചെയ്യുന്നതിനിടെയാണ് ബിപ്ലബ് ഇങ്ങനെ പറഞ്ഞത്. 'താറാവുകള്‍ വെള്ളത്തില്‍ നീന്തുമ്പോള്‍ ഓക്‌സിജന്‍ തോത് സ്വമേധയാ ഉയരും. ഈ ഓക്‌സിജന്‍ പുനരുപയോഗിക്കപ്പെടുന്നു. ഈ വെള്ളത്തിലെ മീനുകള്‍ക്ക് കൂടുതല്‍ ഓക്്‌സിജന്‍ ലഭിക്കുന്നു. താറാവു കാഷ്ടങ്ങളില്‍ നിന്നും മീനുകള്‍ക്ക് തീറ്റലഭിക്കും. ഇത് മീന്‍വളര്‍ത്തലിനും ഗുണം ചെയ്യും. ഒരു രാസവസ്തുക്കളും ഉപയോഗിക്കാതെ മീനുകളും വളരും,' അദ്ദേഹം പറഞ്ഞു. തടാകത്തിനു സമീപം കഴിയുന്ന മത്സത്തൊഴിലാളി കുടുംബങ്ങള്‍ക്ക് അരലക്ഷം താറാവുകളെ വിതരണം ചെയ്യുന്ന പദ്ധതിയാണ് സര്‍ക്കാര്‍ പരിഗണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ത്രിപുരയിലുടനീളം, പ്രത്യേകിച്ച് തടാകങ്ങള്‍ക്ക് സമീപമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളോട് ചേര്‍ന്ന് കഴിയുന്ന കുടുംബങ്ങള്‍ക്കും വെള്ളത്താറാവുകളെ വിതരണം ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.
അതിനിടെ, മുഖ്യമന്ത്രിയുടെ ഓക്‌സിജനെ കുറിച്ചുള്ള പരാമര്‍ശം വിടുവായിത്തമാണെന്നും ഒരു ശാസ്ത്രീയ അടിത്തറയും ഇതിനില്ലെന്നും വ്യക്തമാക്കി ത്രിപുരയിലെ യുക്തിവാദി സംഘം രംഗത്തെത്തി.