ന്യൂദൽഹി- ഈ വർഷത്തെ ഹജിന് പുറപ്പെടുന്നവരെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. ഹജ് കമ്മിറ്റി ആസ്ഥാനത്താണ് തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റ് ഹജ് കമ്മിറ്റി പ്രസിദ്ധീകരിച്ചു. കേരളത്തിൽനിന്ന് ഇത്തവണ 16,776 പേർക്കാണ് അവസരം ലഭിച്ചിരിക്കുന്നത്.
അപേക്ഷകരിൽ 70 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ കാറ്റഗറയിൽ ഉൾപ്പെട്ട 1250 പേർക്കും മെഹ്‌റമില്ലാതെ അപേക്ഷിച്ച ലേഡി വിതൗട്ട് മഹ്‌റം വിഭാഗത്തിൽ അപേക്ഷിച്ച 3584 പേർക്കും നേരിട്ട് അവസരം ലഭിച്ചു. ശേഷിക്കുന്ന 11,942 പേരെ നറുക്കെടുപ്പിലൂടെ കണ്ടെത്തി. കേരളത്തിൽ ഈ വർഷം 24,784 പേരാണ് അപേക്ഷിച്ചത്. 8008 പേരാണ് വെയ്റ്റിംഗ് ലിസ്റ്റിൽ ഉൾപ്പെട്ടത്.
ഹജിന് അവസരം ലഭിച്ചിട്ടുണ്ടോ എന്ന് അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഹജ് ക്വാട്ട കൂടുതൽ ലഭിച്ചത് യു.പിക്കും മഹാരാഷ്ട്രക്കും
കൊണ്ടോട്ടി- ഇന്ത്യയിൽ ഹജ് ക്വാട്ട വീതിച്ച് നൽകിയ സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിൽ 20 എണ്ണത്തിലും മതിയായ ഹജ് അപേക്ഷകരില്ലാത്തതിനാൽ നറുക്കെടുപ്പില്ല. കേരളം ഉൾപ്പെടെ 12 ഇടങ്ങളിലാണ് നറുക്കെടുപ്പ് വേണ്ടിവന്നത്. കൂടുതൽ സംസ്ഥാനങ്ങളിൽ മതിയായ അപേക്ഷകരില്ലാത്തതിനാൽ കേരളത്തിൽനിന്ന് ഹജ് അപേക്ഷകർക്ക് നേട്ടമായി. 1,75,025 ഹജ് സീറ്റുകളാണ് സൗദി സർക്കാർ ഇന്ത്യക്ക് അനുവദിച്ച ഹജ് ക്വാട്ട. ഇതിൽ 1,40,020 സീറ്റുകൾ സംസ്ഥാനങ്ങൾക്കും, ശേഷിക്കുന്ന 35,005 സീറ്റുകൾ സ്വകാര്യ ഹജ് ഗ്രൂപ്പുകൾക്കും നൽകി. മുസ്‌ലിം ജനസംഖ്യാനുപാതത്തിലാണ് കേന്ദ്ര ഹജ് കമ്മിറ്റി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി ഹജ് ക്വാട്ട വീതിച്ചത്. 1,40,020 ക്വാട്ടയിൽ 466 സീറ്റുകൾ ഹാജിമാരെ മക്കയിലും മദീനയിലും സഹായിക്കാനായി പോകുന്ന ഖാദിമുൽ ഹുജാജുമാർക്കും 500 സീറ്റുകൾ മെഹ്‌റമില്ലാത്തവർക്കും അനുവദിച്ചു. ബാക്കിയുള്ള 1,39,054 സീറ്റുകൾ സംസ്ഥാനങ്ങൾക്ക് വീതിച്ച് നൽകി.
കേരളം, ഛത്തീസ്ഖഡ്, ദില്ലി, ഗുജറാത്ത്, ഹരിയാന, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂർ, തമഴ്‌നാട്, തെലുങ്കാന, ഉത്തരാഖണ്ഡ് എന്നീ 12 സംസ്ഥാനങ്ങളിലാണ് നറുക്കെടുപ്പ് വേണ്ടി വന്നത്. ബാക്കിയുള്ള 20 സംസ്ഥാനങ്ങളിൽ ഹജ് ക്വാട്ടക്ക് അനുസരിച്ച് മതിയായ അപേക്ഷകരില്ല. ഹജ് നറുക്കെടുപ്പ് നടന്ന 12 സംസ്ഥാനങ്ങളിൽ 35,063 പേരാണ് വെയിറ്റിംഗ് ലിസ്റ്റിലുള്ളത്. ഇതിൽ കൂടുതൽ കേരളത്തിലാണ്. 8008 പേരാണ് കേരളത്തിൽ വെയ്റ്റിംഗ് ലിസ്റ്റിൽ ഉൾപ്പെട്ടത്. മഹാരാഷ്ട്ര 7634, ഗുജറാത്ത് 7159, തെലുങ്കാന 3502, തമഴ്‌നാട് 1686, മധ്യപ്രദേശ് 2439, കർണാടക 3151, ദൽഹി 1062, ഛത്തീസ്ഖഡ് 232 പേരുമാണ് കാത്തിരിപ്പ് പട്ടികയിലുള്ളത്. അവസരം ലഭിച്ചവർ യാത്ര റദ്ദാക്കുന്ന ഒഴിവുകൾ ഈ സംസ്ഥാനങ്ങളിലെ ഹജ് തീർഥാടകർക്ക് വീതിച്ച് നൽകുന്നതോടെ കൂടുതൽ പേർക്ക് ഇനിയും അവസരം ലഭിക്കും.
ഈ വർഷത്തെ ഹജിന് കൂടുതൽ സീറ്റുകൾ ലഭിച്ചത് ഉത്തർപ്രദേശിനും മഹാരാഷ്ട്രക്കുമാണ്. ഹജ് ക്വട്ട അധികം ലഭിച്ച സംസ്ഥാനങ്ങളിൽ കേരളം മൂന്നാം സ്ഥാനത്താണ്. ഉത്തർപ്രദേശിന് 19,702 സീറ്റുകളാണ് ലഭിച്ചത്. അപേക്ഷിച്ച മുഴുവൻ പേർക്കും യു.പിയിൽ അവസരം ലഭിച്ചു. മഹാരാഷ്ട്രക്ക് 19,649 സീറ്റുകളാണ് ലഭിച്ചത്. ഹജ് അപേക്ഷകർ 27,283 പേരാണ്. ഇവിടെ 7634 പേരാണ് വെയിറ്റിംഗ് ലിസ്റ്റിലുള്ളത്. കേരളത്തിൽ 24,784 പേരാണ് അപേക്ഷകർ. ആദ്യഘട്ടത്തിൽ തന്നെ 16,776 പേർക്ക് അവസരം ലഭിച്ചു.
45 വയസ്സിന് മുകളിൽ പ്രായമുള്ള സ്ത്രീകൾക്ക് മെഹ്‌റമില്ലാതെ ഹജിന് അപേക്ഷിച്ച് നേരിട്ട് അവസരം ലഭിച്ച ലേഡീസ് വിതൗട്ട് മെഹ്‌റം കാറ്റഗറിയിൽ കൂടുതൽ പേരും കേരളത്തിലാണ്. ഇന്ത്യയിൽ ലേഡീസ് വിതൗട്ട് മെഹ്‌റം കാറ്റഗറിയിൽ ആകെ അവസരം ലഭിച്ചവരുടെ എണ്ണം 5162 പേരാണ്. ഇതിൽ 3584 പേരും കേരളത്തിൽ നിന്നുള്ളവരാണ്. 70 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ കാറ്റഗറിയിൽ നേരിട്ട് അവസരം ലഭിച്ചത് 6370 പേരാണ്. ഇതിൽ 1306 പേർ മഹാരാഷ്ട്രയിലും 1250 പേർ കേരളത്തിലുമാണ്.