പറ്റ്‌ന - ജെ.ഡി.യു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ ആർ.ജെ.ഡി-കോൺഗ്രസ് മഹാസഖ്യം വിട്ട് എൻ.ഡി.എയിൽ അഭയം കണ്ടെത്തി, പുതിയ സർക്കാർ രൂപീകരിച്ചതിന് പിന്നാലെ നിയമസഭാ സ്പീക്കറെ പുറത്താക്കാൻ ബി.ജെ.പിയുടെ നേതൃത്വത്തിൽ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. ആർ.ജെ.ഡി നേതാവും നിയമസഭാ സ്പീക്കറുമായ അവധ് ബിഹാറി ചൗധരിക്കെതിരേയാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്കിയത്.
ബി.ജെ.പി നേതാക്കളായ മുൻ ഉപമുഖ്യമന്ത്രി താരകിഷോർ പ്രസാദ്, നന്ദ് കിഷോർ യാദവ്, എച്ച്.എ.എം നേതാവും മുൻ മുഖ്യമന്ത്രിയുമായ ജിതൻ റാം മാഞ്ജി, ജെ.ഡി.യു നേതാവ് വിനയ് കുമാർ ചൗധരി, രത്‌നേഷ് സദ തുടങ്ങിയവരാണ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്കിയത്.
നിതീഷ്‌കുമാറിന്റെ കളംമാറ്റത്തോടെ ബിഹാറിൽ എൻ.ഡി.എയ്ക്ക് 128ഉം ആർജെ.ഡി-കോൺഗ്രസ് മഹാഗഡ് ബന്ധൻ സഖ്യത്തിന് 114ഉം എം.എൽ.എമാരാണുള്ളത്. നിയമസഭാ സെക്രട്ടറിക്കാണ് അവിശ്വാസ പ്രമേയ നോട്ടീസിൽ തീരുമാനമെടുക്കാനുള്ള വിവേചനാധികാരം.