തിരുവനന്തപുരം - സംസ്ഥാനത്തെ ക്ഷേമ പെന്ഷന് തുക 2500 രൂപയാക്കി വര്‍ധിപ്പിക്കാന്‍ കഴിയുമെന്നും സര്‍ക്കാറിന് അതിനുള്ള ആര്‍ജ്ജവമുണ്ടെന്നും ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. നിയമസഭയില്‍ പ്രതിപക്ഷം നല്കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാരിന്റെ നിലപാടാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് മന്ത്രി പറഞ്ഞു. പെന്ഷന് 2500 രൂപയാക്കി വര്‍ധിപ്പിക്കാന്‍ സാധിക്കും, സര്‍ക്കാരിന് അതിനുള്ള ആര്‍ജവമുണ്ട്. എന്നാല്‍ കേന്ദ്രം സംസ്ഥാനത്തിന് നല്‍കാനുള്ള കുടിശ്ശിക മുടക്കുന്നതാണ് ഇതിന് തടസമാകുന്നത്. ഇത് വാങ്ങിയെടുക്കാന്‍ പ്രതിപക്ഷത്തിന്റെ കൂടി സഹായം വേണമെന്നും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ പ്രതിപക്ഷം കേന്ദ്രത്തിനെതിരെ പ്രതിഷേധിക്കണമെന്നും മന്ത്രി പറഞ്ഞു.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ പെന്ഷന് കുടിശ്ശിക രണ്ട് തവണയും നല്കി തീര്‍ത്തത് പിന്നീട് വന്ന എല്‍ ഡി എഫ് സര്‍ക്കാരുകളാണ്. ഓരോ തവണയും എല്‍ ഡി എഫ് സര്‍ക്കാരുകളാണ് ക്ഷേമപെന്ഷന് വര്‍ധിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന് വേണ്ടി കോണ്‍ഗ്രസ് എം എല്‍ എ പി സി വിഷ്ണുനാഥ് അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിച്ചത്. ക്ഷേമപെന്ഷന് അഞ്ച് മാസം മുടങ്ങിയതില്‍ മനംനൊന്ത് ചക്കിട്ടപ്പാറയിലെ ജോസഫ് ആത്മഹത്യ ചെയ്ത സംഭവം നിയമസഭയില്‍ ഉന്നയിച്ച് കൊണ്ടായിരുന്നു പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയത്.