പാലക്കാട് - പാലക്കാട് ജില്ലയിലെ കല്ലേപ്പുള്ളിയിലെ ബാറിൽ വെടിവെയ്പ്പ്. പാലക്കാട് കാവിശേരി കല്ലേപ്പുള്ളിയിലെ ചിത്രപുരി ബാറിലാണ് വെടിവെയ്പ്പുണ്ടായത്. മാനേജർ രഘുനന്ദന് വെടിയേറ്റതായി പോലീസ് പറഞ്ഞു.
ഭക്ഷണം കഴിക്കാനെത്തിയവർ സർവീസ് മോശമാണെന്ന് പറഞ്ഞ് ബഹളമുണ്ടാക്കി രണ്ട് കസേരകൾ തകർക്കുകയായിരുന്നു. രണ്ട് ജീവനക്കാർക്ക് നേരെ അക്രമികൾ കുപ്പിയും എറിഞ്ഞു. തുടർന്ന് ഇവരിൽനിന്നും നഷ്ടപരിഹാരം ഈടാക്കിയശേഷം വിട്ടയച്ചതിന്റെ പ്രതികാരമെന്നോണം അക്രമികൾ തിരിച്ചെത്തി വെടിവെയ്ക്കുകയാണുണ്ടായതെന്ന് ബാർ ജീവനക്കാർ പറഞ്ഞു. വെടിയേറ്റ മാനേജറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കഞ്ചിക്കോട് സ്വദേശികളായ അഞ്ചു പേരെ കസ്റ്റഡിയിലെടുത്തുവെന്നും കേസെടുത്ത് കൂടുതൽ അന്വേഷിച്ചുവരികയാണെന്നും പോലീസ് പ്രതികരിച്ചു.