Sorry, you need to enable JavaScript to visit this website.

കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള ഹജ് യാത്രാനിരക്കിലെ വര്‍ധനക്കെതിരെ പ്രക്ഷോഭത്തിനിറങ്ങുമെന്ന് മുസ്‌ലീം ലീഗ്

കോഴിക്കോട് - കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള ഹജ് യാത്രാ നിരക്കിലെ വര്‍ധനക്കെതിരെ ശക്തമായ പ്രക്ഷോഭത്തിനിറങ്ങാന്‍ മുസ്‌ലീം ലീഗ് തീരുമാനം. നിരക്ക് കൂടിയതില്‍ കേന്ദ്ര, കേരള സര്‍ക്കാരുകള്‍ മറുപടി പറയണമെന്നും ഇതിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും  മുസ്‌ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം പറഞ്ഞു. എയര്‍ ഇന്ത്യയുടെ ചാര്‍ജ്  സൗദി എയര്‍ലൈന്‍സിന്റെ നിരക്കിലേക്ക് കുറയ്ക്കണമെന്നും ഇല്ലെങ്കില്‍ റീ ടെന്‍ഡര്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് 70 ശതമാനം ഹജ് തീര്‍ത്ഥാടകരും യാത്ര പുറപ്പെടുന്നത് കരിപ്പൂരില്‍ നിന്നാണെന്നിരിക്കെ ഇവിടെ നിന്നുള്ള ഹജ് യാത്രാ നിരക്ക് ഇരട്ടിയാക്കിയത് വലിയ പ്രതിഷേധമാണ് ഉയര്‍ത്തിരിക്കുന്നത്. ഇത്തവണ പതിനാലായിരത്തോളം  തീര്‍ത്ഥാടകര്‍ കരിപ്പൂര്‍ വഴി യാത്രയ്ക്ക് അപേക്ഷിച്ചിട്ടുണ്ട്. യാത്രാ നിരക്ക് കൂടിയ സാഹചര്യത്തില്‍ അപേക്ഷ മാറ്റി നല്‍കുക എളുപ്പമല്ല, വലിയ ബാധ്യതയാണ് കേന്ദ്ര സര്‍ക്കാരിന്റെയും വിമാന കമ്പനികളുടെയും നടപടി യാത്രക്കാര്‍ക്കുണ്ടാക്കുക. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ചെറിയ വിമാനങ്ങളേ ഇറങ്ങുന്നുള്ളൂ. ഇത് കാരണമുള്ള അധിക ചിലവ് ചൂണ്ടിക്കാട്ടിയാണ്  ടെണ്ടറിലൂടെ നിരക്ക് ഇരട്ടിയാക്കിയത്. എയര്‍ ഇന്ത്യയാണ് കരിപ്പൂരില്‍ നിന്ന്  ഹജ് സര്‍വ്വീസ് നടത്തുന്നത്. കണ്ണൂരിലും കൊച്ചിയിലും സര്‍വ്വീസ് നടത്തുന്ന സൗദി എയര്‍ലൈന്‍സ് കരിപ്പൂരില്‍ നിന്നുള്ളതിന്റെ പകുതി തുക മാത്രമാണ് ഈടാക്കുന്നത്.

 

Latest News