Sorry, you need to enable JavaScript to visit this website.

നിതീഷിന് ബി.ജെ.പി വീണ്ടും വാതില്‍ തുറന്നതെന്തിന്?

പട്‌ന- ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വീണ്ടും ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എയില്‍ ചേര്‍ന്നതോടെ വിവാദങ്ങളുടെ നടുവിലാണ്. മുഖ്യമന്ത്രി എന്‍.ഡി.എയുമായി ചേര്‍ന്ന് സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിച്ചു. നിതീഷ് കുമാറിന് മുന്നില്‍ അടഞ്ഞിരുന്ന ബി.ജെ.പിയുടെ എല്ലാ വാതിലുകള്‍ എങ്ങനെ പെട്ടെന്ന് തുറക്കപ്പെട്ടു എന്നതും ആശ്ചര്യകരമാണ്.

നിതീഷിന് വേണ്ടി ബി.ജെ.പി വാതില്‍ തുറന്നതിന് പിന്നിലെ കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

നിതീഷ് കുമാറിന് മുമ്പില്‍ ബി.ജെ.പിയുടെ വാതിലുകള്‍ എന്നെന്നേക്കുമായി അടഞ്ഞിരിക്കുകയാണെന്ന് ഒരു വര്‍ഷം മുമ്പ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. എന്നാല്‍, ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പായി കുമാറിനെ എന്‍..ഡിഎ സ്വാഗതം ചെയ്തിരിക്കുകയാണ്.

ഇന്ത്യ സഖ്യത്തിന്റെ യോഗങ്ങള്‍ വിളിച്ചത് നിതീഷ് കുമാറാണെന്നും അവസാനം വരെ അദ്ദേഹം ബി.ജെ.പിക്കെതിരെ പോരാടുമെന്ന് പ്രതിപക്ഷ സംഘം പ്രതീക്ഷിച്ചിരുന്നതായും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മുമ്പാണ് എന്‍.ഡി.എയില്‍ ചേരാനുള്ള കുമാറിന്റെ തീരുമാനം. ഇത് സംഘ് പരിവാര്‍ 'അസ്ഥിര സഖ്യം' എന്ന് വിളിക്കുന്ന പ്രതിപക്ഷ സഖ്യത്തിന് തിരിച്ചടിയായി.

നിതീഷ് എങ്ങനെ ബിജെപിക്ക് സഹായകമാകും?

ബിഹാറില്‍ 40 ലോക്‌സഭാ സീറ്റുകളാണുള്ളത്, പൊതുതിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും വിജയിക്കണമെന്നാണ് എന്‍.ഡി.എയുടെ ആഗ്രഹം. പശ്ചിമ ബംഗാളിലും പഞ്ചാബിലും സഖ്യത്തിന്റെ നേതാക്കള്‍ക്കിടയില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ വിവിധ സംസ്ഥാനങ്ങളിലെ സീറ്റ് വിഭജനം ഇതിനകം തന്നെ ഇന്ത്യന്‍ സഖ്യത്തിന് ഒരു പ്രശ്‌നമാണ്. ഇത്തരമൊരു സാഹചര്യത്തില്‍ ആര്‍.ജെ.ഡി-ജെ.ഡി.യു ബന്ധം അവസാനിപ്പിച്ചത് ബി.ജെ.പിക്ക് സഹായകമാകും.

ബിഹാറില്‍ ജെഡിയുവിന്റെ ഗ്രാഫ് ദുര്‍ബലമാണ്

കഴിഞ്ഞ ദശകത്തില്‍ നിതീഷിന് സംസ്ഥാനത്ത് മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്താന്‍ കഴിഞ്ഞെങ്കിലും അദ്ദേഹത്തിന്റെ ജനപ്രീതിയും പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടനവും ക്രമാനുഗതമായി കുറയുകയാണ്.

2010 ലെ ബീഹാര്‍ തെരഞ്ഞെടുപ്പില്‍ 115 സീറ്റില്‍നിന്ന് 2015 ല്‍ 71 സീറ്റും 2020 ല്‍ 43 സീറ്റുമായി, നിയമസഭയില്‍ ജെ.ഡി.യുവിന്റെ അംഗബലം കുറയുകയായിരുന്നു.

സര്‍ക്കാരിന്റെ സ്റ്റിയറിങ് ബി.ജെ.പിയിൽ

നിതീഷ് ബി.ജെ.പിയുമായി കൈകോര്‍ത്തതിനാല്‍ മുഖ്യമന്ത്രിയാണെങ്കിലും ബി.ജെ.പിക്ക് ഭരണം നടത്താനുള്ള പൂര്‍ണ സ്വാതന്ത്ര്യം ലഭിക്കും. ആര്‍.ജെ.ഡി ആയാലും ബി.ജെ.പി ആയാലും നിതീഷ് കുമാറിന്റെ രാഷ്ട്രീയ ശക്തി കുറഞ്ഞു. ഇത്തരമൊരു സാഹചര്യത്തില്‍ നിതീഷ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്താന്‍ അനുവദിച്ചാലും ബിഹാര്‍ സര്‍ക്കാരിന്റെ തീരുമാനങ്ങളില്‍ ജെ.ഡി.യുവിനേക്കാള്‍ കൂടുതല്‍ നിയന്ത്രണം ബി.ജെ.പിക്കായിരിക്കുമെന്ന് അവര്‍ക്കറിയാം.

പുതിയ സര്‍ക്കാരില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയാകുമെങ്കിലും സര്‍ക്കാരിന്റെ സ്റ്റിയറിങ് ബി.ജെ.പിയുടെ കൈയിലായിരിക്കുമെന്ന് ഹിന്ദുസ്ഥാനി അവാം മോര്‍ച്ച തലവനും എന്‍.ഡി.എ സഖ്യകക്ഷിയുമായ ജിതന്‍ റാം മാഞ്ചിയും അഭിമുഖത്തില്‍ പറഞ്ഞു. അതുകൊണ്ട് തന്നെ ഇത് ബി.ജെ.പിക്ക് അനുകൂല സാഹചര്യമാണ്.

 

Latest News