ബെംഗളൂരു - ഇഷ്ടമുള്ള മതം വിശ്വസിക്കാനും ആചരിക്കാനുമുള്ള സ്വാതന്ത്ര്യത്തോടൊപ്പം മറ്റുള്ളവരുടെ വിശ്വാസ കാര്യത്തിലും ഈയൊരു വിശാലത ആർക്കും കൈമോശം വന്നുകൂടെന്ന് കർണാടക മുഖ്യമന്ത്രി എസ് സിദ്ധരാമയ്യ പറഞ്ഞു. മറ്റുള്ളവരുടെ വിശ്വാസത്തെയും ആചാരത്തെയും ആക്ഷേപിക്കാൻ ആർക്കും അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. സമസ്തയുടെ നൂറാം വാർഷിക മഹാസമ്മേളനം പാലസ് ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു കർണാടക മുഖ്യമന്ത്രി.
വിദ്യാഭ്യാസം നഷ്ടപ്പെട്ട എത്രയോ ആളുകൾ നമുക്കിടയിലുണ്ട്. സച്ചാർ കമ്മിറ്റി റിപോർട്ട് വായിച്ചാലത് മനസിലാകും. വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ ശ്രദ്ധ പുലർത്തണം. വിദ്യാഭ്യാസം നേടൽ നമ്മുടെ ഏറ്റവും വലിയ ലക്ഷ്യമാകണം. വിദ്യാഭ്യാസമുള്ളവർക്കേ സംസ്‌കാരമുള്ളവരായി ജീവിക്കാൻ സാധിക്കൂവെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.
വിദ്യാഭ്യാസ മേഖലയിൽ വിപ്ലവങ്ങൾ തീർക്കാൻ സമസ്തയ്ക്ക് ഇനിയും കഴിയണം. സമസ്ത വിദ്യാഭ്യാസ മേഖലയിൽ നടത്തിയ മുന്നേറ്റത്തെ താൻ മുക്ത ഖണ്ഡം പ്രശംസിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നൂറുവർഷം തികയ്ക്കുന്നത് നിസ്സാരമല്ല. പിന്നിട്ട വഴികളെക്കുറിച്ച് ഓർക്കുകയും മുന്നോട്ടുള്ള പ്രയാണത്തെക്കുറിച്ച് ചിന്തിക്കുകയും വേണം. കരുത്തോടെ മുന്നോട്ട് നീങ്ങാനുള്ള പദ്ധതികൾ ആവിഷ്‌കരിക്കണം. ആ പദ്ധതികൾ നടപ്പാക്കാനുള്ള ആത്മാർഥമായ പ്രവർത്തനങ്ങളും ഉണ്ടാകണം.
എല്ലാ മതങ്ങളും മനുഷ്യത്വത്തെക്കുറിച്ചാണ് പഠിപ്പിക്കുന്നത്. നാം ഓരോരുത്തരും രാജ്യത്ത് സൗഹാർദത്തിന്റെ അന്തരീക്ഷമുണ്ടാക്കണം. വിദ്വേഷത്തിന്റെ ചുവടുകളെ ഇല്ലാതാക്കണം. ഇസ്‌ലാം ശാന്തിയെയും സമാധാനത്തെയുമാണ് പ്രതിനിധാനം ചെയ്യുന്നത്. സ്വന്തം മതത്തെ ജീവിതത്തിൽ നടപ്പാക്കുകയെന്നത് ഓരോരുത്തരുടെയും സ്വാതന്ത്ര്യമാണെന്നും അതിന്റെ പേരിൽ മറ്റുള്ളവരുടെ വിശ്വാസത്തെയും ആചാരത്തെയും ആക്ഷേപിക്കാൻ ആർക്കും അവകാശമില്ലെന്നും അദ്ദേഹം ഓർമിപ്പിചു.
ചടങ്ങിൽ സമസ്ത നേതാക്കളായ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പ്രഫ. കെ ആലിക്കുട്ടി മിസ്‌ലിയാർ, മുസ്‌ലിം ലീഗ് കേരള അധ്യക്ഷൻ പാണക്കാട് സിയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.