അമ്മാന്‍ -ജോര്‍ദാനില്‍ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് യു.എസ് സൈനികര്‍ കൊല്ലപ്പെടുകയും 25 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
ഗാസയിലെ ഇസ്രായില്‍ ആക്രമണത്തിനെതിരെ ഇറാന്റെ പിന്തുണയുള്ള തീവ്രവാദി ഗ്രൂപ്പുകള്‍ അമേരിക്കന്‍ സേനക്കെതിരെ നടത്തുന്ന ആക്രമണത്തിന്റെ ഭാഗമായാണ് സൈനികര്‍ കൊല്ലപ്പെട്ടതെന്ന് ജോ ബൈഡന്‍ പറഞ്ഞു. കൊലപാതകത്തിന് ഉത്തരവാദികളായ എല്ലാവരെയും തങ്ങള്‍ കണക്കിലെടുക്കുമെന്ന് യു.എസ് പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കി.
മൂവായിരത്തോളം അമേരിക്കന്‍ സൈനികരാണ് ജോര്‍ദാനിലുള്ളത്. സിറിയയിലും ഇറാഖിലും പ്രവര്‍ത്തിക്കുന്ന ഇറാന്‍ പിന്തുണയുള്ള തീവ്രവാദ ഗ്രൂപ്പുകളാണ് പിന്നിലെന്നും പോരാടാനുള്ള യു.എസ് സൈനികരുടെ പ്രതിബദ്ധത തുടരുമെന്നും ബൈഡന്‍ പറഞ്ഞു.
സൗത്ത് കരോലിനയിലെ കൊളംബിയയിലായിരുന്ന ബൈഡനെ ഞായറാഴ്ച രാവിലെയാണ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍, പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ഫിനര്‍ എന്നിവര്‍ വിവരമറിയിച്ചത്.