Sorry, you need to enable JavaScript to visit this website.

കാട്ടാന ആക്രമണത്തില്‍ കാര്‍ മറിഞ്ഞ് യാത്രക്കാര്‍ക്ക് പരിക്ക്

ചേകാടി റോഡരികില്‍ നിലയുറപ്പിച്ച കാട്ടാനക്കൂട്ടം.

പുല്‍പള്ളി - പഞ്ചായത്തിലെ ചേകാടിക്കു സമീപം കാട്ടാന ആക്രമണത്തെത്തുടര്‍ന്നു തലകീഴായി മറിഞ്ഞ കാറിലെ യാത്രക്കാരായ രണ്ട് പേര്‍ക്ക് പരിക്ക്. പാളക്കൊല്ലി ചാലക്കല്‍ ഷെല്‍ജന്‍(52), പൊളന്ന ജ്യോതിപ്രകാശ്(48) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ഷെല്‍ജനെ മേപ്പാടി നസീറ നഗറിലെ  സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ജ്യോതിപ്രകാശിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വൈകുന്നേരം ഏഴോടെയാണ് സംഭവം. ചേകാടിക്കു പോകുകയായിരുന്നു കാര്‍ യാത്രികര്‍. പിന്നിലൂടെ ഓടിയെത്തിയ ആന കാര്‍ ആക്രമിക്കുകയായിരുന്നു. പിന്‍വശത്തെ ചില്ല് തകരുന്ന ശബ്ദം കേട്ട ഷെല്‍ജന്‍ സഡണ്‍ ബ്രേക്കിട്ടതോടെ കാര്‍ തലകീഴായി മറിഞ്ഞു. ഇതുകണ്ട ആന വനത്തിലേക്ക് പിന്‍വാങ്ങി. ചേകാടി പാതയില്‍ സ്ഥിരം ശല്യക്കാരനായ ഒറ്റക്കൊമ്പനാണ് ആക്രമിച്ചതെന്ന് ഷെല്‍ജന്‍ പറഞ്ഞു. എന്നാല്‍ പ്രാഥമിക പരിശോധനയില്‍ കാട്ടാന കാര്‍ ആക്രമിച്ചതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്താനായില്ലെന്ന് വനം ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒരാഴ്ച മുമ്പ് ഇതേസ്ഥലത്ത് കാട്ടാനയുടെ മുന്നില്‍പ്പെട്ട ബൈക്ക് യാത്രക്കാര്‍ തലനാരിഴയ്ക്കാണ് രക്ഷപെട്ടത്.
വനപാതയിലൂടെ ചേകാടിക്കും തിരിച്ചുമുള്ള യാത്ര തീര്‍ത്തും അപകടകരമായെന്ന് നാട്ടുകാര്‍ പറയുന്നു. രാവിലെയും രാത്രിയും ചേകാടി റോഡില്‍ കാട്ടാനകള്‍ സ്ഥിരം സാന്നിധ്യമാണ്. ഇതിനകം നിരവധി വാഹനങ്ങള്‍ക്കു നേരെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. ചേകാടി റോഡിലൂടെ ജോലിക്ക് പോകുന്ന തൊഴിലാളികള്‍ പലപ്പോഴും ആനയ്ക്കു മുന്നില്‍പ്പെടുന്നുണ്ട്. ഭാഗ്യത്തിനാണ് ഇവര്‍ രക്ഷപ്പെടുന്നത്.
പാളക്കൊല്ലി വഴി ചേകാടിക്കുള്ള റൂട്ടില്‍ വെട്ടത്തുര്‍, കുണ്ടുവാടി, പൊളന്ന, വിലങ്ങാടി എന്നിവിടങ്ങളിലും പാക്കം വഴിയില്‍ കുറുവ ദ്വീപ് പരിസരത്തും പന്നിക്കലിലും ആനശല്യം രൂക്ഷമാണ്.
വനാര്‍ത്തിയില്‍ അടിക്കാട്  വളര്‍ന്നതിനാല്‍ ആന സമീപത്തുനിന്നാലും കാണാനാകാത്ത സ്ഥിതിയാണ്. സ്ഥിരം ശല്യക്കാരനായ ഒറ്റക്കൊമ്പനെ കുംകി ആനകളെ ഉപയോഗിച്ച് ഉള്‍വനത്തിലേക്ക് തുരത്തണമെന്ന ആവശ്യം ശക്തമാണ്.

 

 

Latest News