Sorry, you need to enable JavaScript to visit this website.

എസ്.എഫ്.ഐക്കാര്‍ക്കെതിരെ ഗുരുതര വകുപ്പുകള്‍, പ്രതികളില്‍ 19 കാരിയും

തിരുവനന്തപുരം - കൊല്ലം നിലമേലില്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ചതിന് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിന്റെ പകര്‍പ്പ് പുറത്തുവന്നു. ഗവര്‍ണര്‍ നിര്‍ബന്ധിച്ച് എടുപ്പിച്ച കേസില്‍ അതീവ ഗൗരവമായ ഏഴു വകുപ്പുകളാണ് കേസില്‍ ചുമത്തിയിട്ടുള്ളത്. പ്രതികളെല്ലാം 23 വയസില്‍ താഴെയുള്ളവരാണ്. ഇതില്‍ 19 വയസ്സുള്ള പെണ്‍കുട്ടിയുമുണ്ട്.

ഇന്നലെ രാവിലെ പത്തരയോടെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനവ്യൂഹത്തിന് മുന്നില്‍ പ്രതിഷേധക്കാര്‍ ചാടിവീണത്. തുടര്‍ന്ന് വാഹനത്തില്‍നിന്ന് ചാടിയിറങ്ങിയ ഗവര്‍ണര്‍ ഒന്നരമണിക്കൂര്‍ വഴിയരികില്‍ കസേരയിട്ടിരുന്ന് പോലീസിനെക്കൊണ്ട് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യിച്ച് കോപ്പി കൈയില്‍ വാങ്ങി പരിശോധിച്ച ശേഷമാണ് മടങ്ങിയത്.

രാഷ്ട്രപതി, ഉപരാഷ്ട്രപതി, സംസ്ഥാന ഗവര്‍ണര്‍മാര്‍ തുടങ്ങിയവരെ തടയുകയോ ജോലി തടസപ്പെടുത്തുകയോ ചെയ്താല്‍ പ്രത്യേകമായി ചുമത്തേണ്ട ഗൗരവമുള്ള വകുപ്പാണ് ഐ.പി.സി 124. ഇതാണ് ഇന്നലെ ചടയമംഗലം പോലീസെടുത്ത കേസില്‍ പ്രധാന കുറ്റമായി ചേര്‍ത്തിട്ടുള്ളത്. മുമ്പ് തിരുവനന്തപുരം നഗരത്തില്‍ ഗവര്‍ണറെ തടഞ്ഞ എസ്.എഫ്.ഐക്കാര്‍ക്കെതിരെ നിസാരവകുപ്പ് ചുമത്തിയ പോലീസിനെ തിരുത്തി 124 പ്രകാരം കേസെടുപ്പിച്ചിരുന്നു ഗവര്‍ണര്‍ ആരിഫ് ഖാന്‍.

നിയമവിരുദ്ധമായി കൂട്ടംകൂടുക, കൈയില്‍ ആയുധങ്ങള്‍ കരുതുക, ലഹളയുണ്ടാക്കുക, വഴിതടയുക, പോലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തുക എന്നിങ്ങനെ പോലീസിന് സ്‌റ്റേഷന്‍ ജാമ്യം അനുവദിക്കാനാകാത്ത ഒന്നിലേറെ വകുപ്പുകള്‍ കേസിലുണ്ട്. ഒന്ന് മുതല്‍ 12 വരെ പ്രതികളുടെ പേരും വിലാസവും സഹിതം ചേര്‍ത്തശേഷം, കണ്ടാലറിയാവുന്നവര്‍ എന്ന് പറഞ്ഞാണ് അഞ്ചുപേരെ ചേര്‍ത്തിരിക്കുന്നത്. സ്വമേധയാ കേസെടുക്കുന്നതായാണ് എഫ്.ഐ.ആറില്‍ പറയുന്നത്.

 

Latest News