Sorry, you need to enable JavaScript to visit this website.

നയനമനോഹര കാഴ്ചയൊരുക്കി തായിഫിൽ ബദാം ചെടികൾ പൂത്തു

തായിഫ്- നയനമനോഹര കാഴ്ചയൊരുക്കി തെക്കൻ തായിഫിലെ ബനീ മാലിക് ഗ്രാമത്തിൽ ബദാം ചെടികൾ പൂത്തു. മൈസാൻ ജില്ലയിലെ ഈ മലയോര പ്രദേശമിപ്പോൾ ഇടതൂർന്ന ബദാം പുഷ്പങ്ങളുടെ വെൺമയിലും സൗരഭ്യത്തിലും സൗന്ദര്യത്തിലും സന്ദർശകർക്ക് ഹരമായിരിക്കുകയാണ്.
ശൈത്യം അതിന്റെ തീവ്രത വിട്ടൊഴിയുമ്പോൾ അഥവാ ജനുവരി അവസാനത്തിലും ഫെബ്രുവരി ആദ്യത്തിലുമാണ് ഈ പ്രദേശത്തെ ബജലി ഇനത്തിൽ പെട്ട ബദാം ചെടികൾ പൂത്തുലയുന്നത്. ഫെബ്രുവരി അവസാനം വരെ പൂവുകൾ തുടരും. മാർച്ച് മാസമാകുമ്പോഴേക്ക് ഉറപ്പേറിയ തോട് കൊണ്ട് പൊതിഞ്ഞ ഫലമായി രൂപാന്തരം പ്രാപിക്കും. ജൂലൈ മാസത്തിൽ ബദാം പാകമാവുകയും തോട് പൊട്ടുകയും ചെയ്യും. അതോടെ ഭക്ഷ്യോഗ്യമാകും.


ചെറിയ അളവിൽ വെള്ളം ആവശ്യമുള്ള ഈ ഇലപൊഴിയും മരത്തിന് നാലു മുതൽ പത്ത് വരെ മീറ്റർ ഉയരവും 30 സെന്റിമീറ്റർ വരെ വ്യാസവുണ്ടാകും. തണുത്ത കാലാവസ്ഥയാണ് ഈ ചെടിക്ക് അഭികാമ്യം. അതുകാരണമാണ് ബനീ മാലിക് മലമുകളിൽ ഇവ സമൃദ്ധമായി വളരുന്നത്. ഇവിടെ ഒരു മരത്തിൽ നിന്ന് 100 മുതൽ 150 കിലോഗ്രാം വരെ സീസണിൽ ബദാം ലഭിക്കും. പ്രദേശത്തെ പുതിയ തലമുറയും ബദാം കൃഷിക്ക് വലിയ പ്രാധാന്യമാണ് നൽകുന്നത്. ഈ പ്രദേശത്തിന്റെ മുഖ്യവരുമാനമായാണ് ബദാം കൃഷിയെ കണക്കാക്കുന്നത്.

Latest News