ഇടുക്കി - വണ്ടിപ്പെരിയാറില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറ് വയസുകാരിയുടെ കുടുംബത്തിന്റെ ബാങ്കിലെ ബാധ്യത ഏറ്റെടുക്കാന്‍ സി പി എം തീരുമാനിച്ചു. സി പി എം ഇടുക്കി ജില്ലാ കമ്മിറ്റിയാണ് കുടുംബത്തിന്റെ ബാങ്ക് ബാധ്യത ഏറ്റെടുക്കുന്നത്. പീഡനത്തിന് ഇരയാക്കിയ ആറുവയസ്സുകാരിയെ ചുരക്കുളം എസ്റ്റേറ്റ് ലയത്തില്‍ കെട്ടിത്തുക്കി കൊലപ്പെടുത്തിയെന്നാണ് കേസ്. കേസിലെ പ്രതിയായ അര്‍ജുനെതിരെ തെളിവുകള്‍ കണ്ടെത്തുന്നതില്‍ പോലീസ് ഗുരുതര വീഴ്ച വരുത്തിയെന്നാരോപിച്ച് കോടതി കഴിഞ്ഞ മാസം വെറുതെ വിട്ടിരുന്നു. ആകെയുള്ള 14 സെന്റ് സ്ഥലം പണയപ്പെടുത്തിയാണ് മരിച്ച കുട്ടിയുടെ അമ്മയുടെ സഹോദരിയുടെ മകളുടെ വിവാഹത്തിന് വേണ്ടി ബാങ്കില്‍ നിന്ന് വായ്പ എടുത്തത്. അച്ഛനമ്മമാരില്ലാത്ത ഈ കുട്ടിയെ ഇവരാണ് സംരക്ഷിച്ചിരുന്നത്. എന്നാല്‍ ആറ് വയസുകാരിയായ മകളുടെ മരണത്തെ തുടര്‍ന്ന് തിരിച്ചടവ് മുടങ്ങിയതോടെ കുടിശിക ഉള്‍പ്പെടെ ഏഴ് ലക്ഷം രൂപയുടെ ബാധ്യത വരികയും ചെയ്തു.
പണം തിരിച്ചടക്കണമെന്നാവശ്യപ്പെട്ട് ബാങ്കില്‍ നിന്ന് നോട്ടീസ് വന്നതോടെയാണ് ഇക്കാര്യത്തില്‍ സി പി എം ഇടപെടുന്നത്. ബാങ്കില്‍ അടക്കേണ്ട 7,39,000 രൂപ സി പി എം ഇടുക്കി ജില്ലാ കമ്മറ്റി അടയ്ക്കും. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് ഈ മാസം 31 ന് എത്തി കുടുംബത്തിനു തുക കൈമാറും. കുടുംബം സ്വന്തം സ്ഥലത്ത് ആരംഭിച്ച വീടുപണിയും പാതി വഴിയില്‍ മുടങ്ങി കിടക്കുകയാണ്. വീട് പൂര്‍ത്തിയാക്കാന്‍ ഇനിയും നാല് ലക്ഷം രൂപയെങ്കിലും വേണ്ടിവരും. ഇതിന് വേണ്ട സഹായം സി പി ഐ ആണ് ചെയ്തു നല്‍കുന്നത്. വീടിന്റെ അവശേഷിക്കുന്ന പണികള്‍ സി പി ഐ പീരുമേട് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ പുനരാരംഭിച്ചിട്ടുണ്ട്.