ബീഹാറിൽ മഹാസഖ്യത്തിന്റെ കൈയൊടിച്ചും ദേശീയ രാഷ്ട്രീയത്തിൽ ഇന്ത്യ സഖ്യത്തിന്റെ മുഖത്തടിച്ചും ജെ.ഡി.യു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ്‌കുമാർ സ്വന്തം തനിനിറം പുറത്തെടുത്ത് ബി.ജെ.പി പാളയത്തിലേക്ക് ചുവടുമാറിയെങ്കിലും എൻ.ഡി.എ സഖ്യത്തിലും നിതീഷിന്റെ കാര്യത്തിൽ മുറുമുറുപ്പ് ശക്തം. ബി.ജെ.പിയുടെ ബിഹാർ ഘടകത്തിലും ദേശീയ നേതൃത്വത്തിലുമെല്ലാം നിതീഷിനെ പൂർണമായും അമ്പരുതെന്ന് മുന്നറിയിപ്പ് നൽകുന്നവരാണ് ഏറെയും.
ലോകസഭാ തെരഞ്ഞെടുപ്പ് കൺമുമ്പിലെത്തി നിൽക്കേ ഇന്ത്യാ മുന്നണിയെ അടിക്കാനുള്ള ഒരു വടി ഉപയോഗിക്കുക എന്നതിലപ്പുറം നിതീഷ്‌കുമാറിനെ വഴിവിട്ട് മുൻകാലങ്ങളിലേതുപോലെ പൂർണമായും വിശ്വാസത്തിലെടുക്കാൻ മുതിർന്ന പല നേതാക്കൾക്കും പാർട്ടികൾക്കും പ്രവർത്തകർക്കുമൊന്നും താൽപര്യമില്ല എന്നതാണ് വസ്തുത. അധികാരത്തിനായി യാതൊരു രാഷ്ട്രീയ ധാർമികതയുമില്ലാത്ത നിതീഷിന്റെ മലക്കം മറിച്ചിൽ തിരിച്ചടിയാകുമോ എന്ന് ഭയക്കുന്നവർ പോലും എൻ.ഡി.എയിലുണ്ട്.
ബി.ജെ.പി ബിഹാർ ഘടകത്തിലും ദേശീയ നേതൃത്വത്തിലും നിതീഷിനോട് മുറുമുറുപ്പുള്ളവരും ഏറെയാണ്. നിതീഷിന്റെ രാഷ്ട്രീയം ഇതോടെ അവസാനിച്ചെന്നാണ് ബംഗാളിലെ മുതിർന്ന ബി.ജെ.പി നേതാവ് ദിലീപ് ഘോഷ് പറഞ്ഞത്. നിതീഷ് കുമാറിനെ മടുത്ത് സഖ്യമുപേക്ഷിച്ച ഹിന്ദുസ്ഥാൻ അവാം മോർച്ച നേതാവ് ജിതിൻ റാം മാഞ്ചിയും തന്റെ പ്രതിഷേധം ഇതിനകം അറിയിച്ചതായാണ് റിപോർട്ടുകൾ. വസ്ത്രം മാറുന്ന ലാഘവത്തിൽ മുന്നണി മാറുന്ന നിതീഷിന്റെ രാഷ്ട്രീയ ചാഞ്ചാട്ടം ജനാധിപത്യ വിശ്വാസികളും വോട്ടർമാരും ഏതളവിൽ ഉൾക്കൊള്ളുമെന്നതിലും പലർക്കും ആശങ്കയുണ്ട്.
അഭ്യൂഹങ്ങൾക്ക് വിരാമമിട്ട രാഷ്ട്രീയ ഷോക്കിലും നിതീഷിന്റെ തീരുമാനം ഇന്ത്യാ മുന്നണിക്ക് കൂടുതൽ നല്ലതിനാണെന്ന അഭിപ്രായമുള്ളവരും മതനിരേപക്ഷ ചേരിയിലുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് തന്റെ സ്വപ്‌നം പൂവണിയാൻ ഏത് വഴിക്കും നിതീഷ് എന്തിനും ശ്രമിക്കുമെന്നിരിക്കെ, നിതീഷും സംഘവും ഇല്ലാതെ തന്നെ തെരഞ്ഞെടുപ്പ് പോർമുഖത്ത് പിടിച്ചുനിൽക്കാൻ ഇന്ത്യാ മുന്നണിക്കിത് കൂടുതൽ പാഠമാകുമെന്നാണ് അത്തരം അഭിപ്രായമുള്ളവർ പറയുന്നത്.
തെരഞ്ഞെടുപ്പ് കഴിഞ്ഞുള്ള നിതീഷിന്റെ കളിക്കു മുമ്പേ അതിന്റെ ക്ലൈമാക്‌സ് ഉണ്ടായതിന്റെ ആശ്വാസമാണിവർ പ്രകടിപ്പിക്കുന്നത്. അതിനാൽ, നിതീഷിന്റെ കളംമാറ്റം നന്നായെന്നും ബീഹാറിൽ അടക്കം ഇത് രാഷ്ട്രീയ ആയുധമാക്കി മുതലെടുക്കാനാവണമെന്നുമാണ് ഇവർ ഓർമിപ്പിക്കുന്നത്. നിതീഷിന്റെ തീരുമാനം നേരത്തെ വന്നതിന് കൈയടിക്കേണ്ടത് ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജിയുടെയും ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിന്റെയും നയതന്ത്രത്തിനാണെന്നും ഇവർ പറയുന്നു.
ഇന്ത്യ മുന്നണിയിൽ പ്രധാനമന്ത്രി കുപ്പായം തയ്പ്പിച്ച് രംഗത്തുവന്ന നിതീഷിന് ഏറ്റവും വലിയ അടിയായത് മുന്നണിയുടെ ചെയർമാൻ സ്ഥാനത്തേക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ തെരഞ്ഞെടുത്ത ഇന്ത്യാ സഖ്യത്തിന്റെ തീരുമാനമാണ്. മമത ബാനർജിയാണ് നിതീഷിന്റെ സ്വപ്‌നങ്ങൾക്കുമേൽ ഇടത്തീ പരത്തി ഖാർഖെയെ ഇന്ത്യാ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ആദ്യം വെടി പൊട്ടിച്ചത്. അരവിന്ദ് കെജ്രിവാൾ അടക്കമുള്ളവർ ഇതിന് നിറഞ്ഞ പിന്തുണ നൽകിയതോടെ പൊലിഞ്ഞത് നിതീഷ് മനസ്സിൽ കൊണ്ടുനടന്ന വലിയൊരു സ്വപ്‌നമാണെന്നും ഇതിനാൽ നിതീഷിന്റെ ശല്യം നേരത്തെ മാറിക്കിട്ടിയെന്നും ഇവർ ആശ്വസിക്കുന്നു.
വായിക്കുക...
ന്യൂനപക്ഷത്തിൽനിന്ന് സർക്കാറിൽ ആരുമില്ല; മണിപ്പൂരിലേത് കേരളത്തിലും സംഭവിക്കാമെന്ന് കേന്ദ്രമന്ത്രിയുടെ ഭർത്താവ്
കരിപ്പൂരിലെ ഹജ്ജ് തീർത്ഥാടകരോടുള്ള കൊടും വിവേചനം; റീ ടെൻഡർ ആവശ്യം ശക്തം
ഹജ്ജ് യാത്രക്കാരോടുള്ള വിവേചനം; സർക്കാർ അടിയന്തരമായി ഇടപെടണം