പട്‌ന - ബിഹാറില്‍ നിതീഷ് കുമാറിന്റെ രാജിയോടെ മഹാസഖ്യ സര്‍ക്കാര്‍ വീണതോടെ ഒന്‍പത് കോണ്‍ഗ്രസ് എം എല്‍ എമാര്‍ ' ഒളിവില്‍ ' പോയി. ഇവരുമായി ബന്ധപ്പെടാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിയുന്നില്ല. ബി ജെ പിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുന്ന നിതീഷ് കുമാറിനൊപ്പം കൂറുമാറി ഇവരും ചേരുമെന്നാണ് പ്രചരിക്കുന്ന വാര്‍ത്തകള്‍. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്നലെ പൂര്‍ണിയയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നേതൃയോഗത്തില്‍ 19 കോണ്‍ഗ്രസ് എം എല്‍ എമാരില്‍ 10 പേര്‍ മാത്രമാണ് പങ്കെടുത്തത്.
യാത്രയുടെ മേല്‍നോട്ടം വഹിക്കാന്‍ ചുമതലപ്പെടുത്തിയ എം എല്‍ എമാര്‍ മാത്രമാണ് ഇന്നലെ യോഗത്തില്‍ പങ്കെടുത്തതെന്നും മറ്റ് അര്‍ത്ഥങ്ങളൊന്നും ഇതില്‍ കാണേണ്ടതില്ലെന്നുമായിരുന്നു കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് ഷക്കീല്‍ അഹമ്മദ് ഖാന്റെ പ്രതികരണം. എന്നാല്‍ ഒന്‍പത് എം എല്‍ എമാര്‍ എവിടെയാണെന്ന് കാര്യം സ്ഥിരീകരിക്കാനോ അവരെ ബന്ധപ്പെടാനോ കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിയുന്നില്ല. ഇത് പാര്‍ട്ടിയില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിട്ടുള്ളത്.