തിരൂർ-കേരളത്തിലെ റെയിൽവേ വികസനം അതിവേഗം പൂർത്തീകരിക്കാൻ മെട്രോമാൻ ഇ. ശ്രീധരൻ കേന്ദ്രസർക്കാരിന് കത്തു നൽകി. തിരുന്നാവായ- ഗുരുവായൂർ,നിലമ്പൂർ നഞ്ചൻകോട് പാതകളുടെ ഡി.പി.ആർ അടുത്തമാസം സമർപ്പിക്കാൻ ഇരിക്കയാണ് ശ്രീധരൻ കേന്ദ്രസർക്കാരിന് കത്ത് നൽകിയത്. വരാനിരിക്കുന്ന കേന്ദ്ര ബജറ്റിൽ ആവശ്യമായ തുക അനുവദിക്കുക എന്ന ലക്ഷ്യമാണ് ശ്രീധരന്റെ കത്തിനു പിറകിലുള്ളത്. ചെങ്ങന്നൂർ-പമ്പ പദ്ധതിയും ശ്രീധരന്റെ കത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. മംഗളൂരു-കൊച്ചി തീരദേശ റെയിൽ പാതയോട് ചേർന്ന് തിരുനാവായ-ബഗുരുവായൂർ റെയിൽവേ ലൈൻ പൂർത്തീകരിക്കാനും കത്തിൽ പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്. നേരത്തെ ഈ പാത തിരൂരിൽ നിന്ന് ഗുരുവായൂരിലേക്ക് കൊണ്ടുപോകാൻ ആയിരുന്നു പദ്ധതി. എന്നാൽ പൊന്നാനി വഴി തിരൂരിലേക്ക് ബന്ധിപ്പിക്കുന്നതിന്റെ സാധ്യതകൾ പരിശോധിച്ചപ്പോൾ വലിയ ബാധ്യത റെയിൽവേയ്ക്ക് വരും എന്നതിനാലാണ് തിരുനാവായിലേക്ക് മാറ്റിയത്. ഗുരുവായൂരിൽ നിന്ന് തിരുനാവായയിലേക്ക് പാത കൊണ്ടുവരാൻ സതേൺ റെയിൽവേ കൺസെക്ഷൻ വിഭാഗം നടത്തിയ സർവ്വേ പൂർത്തിയായി കഴിഞ്ഞു. ഷൊർണൂർ ജംഗ്ഷൻ ഒഴിവാക്കിയുള്ള തിരുനാവായ ബഗുരുവായൂർ ലൈനിലൂടെ യാത്ര ചെയ്യുമ്പോൾ ഒരു മണിക്കൂർ സമയലാഭം ആണ് ഏറ്റവും പ്രധാനം. തിരൂരിൽ നിന്ന് നിന്ന് പടിഞ്ഞാറ് ഭാഗത്തേക്ക് നീട്ടി പാത കനോലി കനാലിന്റെ കിഴക്കുഭാഗത്ത് കൂടി പൊന്നാനി, തവനൂർ വഴി തിരുനാവായയിലേക്ക് കൊണ്ടുപോകാനാണ് ഇപ്പോഴത്തെ പദ്ധതി. ദേശീയപാതയിലും, ഭാരതപ്പുഴയിലും ഇതിനായി പാലം നിർമ്മിക്കും. കുണ്ടുകടവ് ജംഗ്ഷൻ,തവനൂർ എന്നിവിടങ്ങളിലായിരിക്കും സ്‌റ്റേഷനുകൾ. പത്തുവർഷം മുമ്പ് തിരുന്നാവായ-ഗുരുവായൂർ റെയിൽവേ ലൈൻ നിർമ്മാണത്തിനായി സാറ്റലൈറ്റ് സർവേ നടത്തിയതാണെങ്കിലും ആ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. ആരാധനാലയങ്ങളും ഒട്ടേറെ വീടുകളും നഷ്ടപ്പെടുന്ന തരത്തിലായിരുന്നു സാറ്റലൈറ്റ് സർവ്വേ. ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ കാര്യങ്ങൾ റെയിൽവേ വിഭാഗം മുന്നോട്ട് കൊണ്ടുപോയെങ്കിലും ജനങ്ങളുടെ പ്രതിഷേധമാണ് അന്നത്തെ പദ്ധതി അവതാളത്തിലാകാൻ കാരണമായത്. ബജറ്റിൽ ഇതിനായി തുക വകയിരുത്തി എങ്കിലും സർവ്വേ നടത്തിയ പ്രകാരം റെയിൽ പാത നിർമ്മാണം നടത്താനായില്ല. ഇപ്പോഴത്തെ തീരുമാനപ്രകാരം തിരുന്നാവായ-ഗുരുവായൂർ ലൈൻ കടന്നുപോകുന്നത് പൊന്നാനി കനോലി കനാൽ വഴിയായതിനാൽ വീടുകളും ആരാധനാലയങ്ങളും വലിയ തോതിൽ പൊളിച്ചു മാറ്റേണ്ടി വരില്ല. നേരത്തെ എടപ്പാൾ,പൂക്കരത്തറ, അയിങ്കലം, നടുവട്ടം എന്നീ മേഖലകളിലൂടെ കടന്നുപോകുന്ന വിധം ആയിരുന്നു സാറ്റലൈറ്റ് സർവ്വേ. അടുത്ത ബജറ്റിൽ ആവശ്യമായ പണം വകയിരുത്താൻ കേന്ദ്രസർക്കാരിനെ സന്നദ്ധമാക്കുക എന്ന ലക്ഷ്യമാണ് ശ്രീധരന്റെ നേരത്തെയുള്ള ഇടപെടലിന് കാരണം. മെട്രോമാന്റെ നിർദ്ദേശങ്ങളെ കേന്ദ്രസർക്കാർ തള്ളിക്കളയില്ലെന്ന പൂർണ വിശ്വാസത്തിലാണ് നാട്ടുകാരും. ഗുരുവായൂർ ക്ഷേത്രം, തിരുനാവായ നവാമുകുന്ദ ക്ഷേത്രം, പെരുമ്പടപ്പ് പുത്തൻപള്ളി എന്നിവിടങ്ങളിലെ ആരാധനാലയങ്ങളിലേക്ക് സൗകര്യത്തിനനുസരിച്ച് ഈ പാതയിലൂടെ എത്താം എന്നത് ആളുകൾക്ക് ഏറെ അനുഗ്രഹമാകും.