Sorry, you need to enable JavaScript to visit this website.

കരിപ്പൂരിലെ ഹജ്ജ് തീർത്ഥാടകരോടുള്ള കൊടും വിവേചനം; റീ ടെൻഡർ ആവശ്യം ശക്തം

കോഴിക്കോട് - കരിപ്പൂർ വഴിയുള്ള ഹജ്ജ് തീർത്ഥാടകരോടുള്ള കൊടും വിവേചനത്തിൽ റീ ടെൻഡർ ആവശ്യം ശക്തമാകുന്നു. കേരളത്തിൽനിന്നുളള മറ്റു രണ്ട് ഹജ്ജ് എംബാർക്കേഷൻ കേന്ദ്രങ്ങളായ നെടുമ്പാശ്ശേരി, കണ്ണൂർ വിമാനത്താവളം വഴി പോകുന്ന ഹജ്ജ് തീർത്ഥാടകരിൽനിന്നും ഈടാക്കുന്നതിന്റെ ഇരട്ടിയും അതിനടുത്തുമുള്ള തുകയാണ് കരിപ്പൂർ ഹജ്ജ് എംബാർക്കേഷൻ വഴി യാത്ര തിരിക്കുന്നവരിൽനിന്നും വിമാന ടിക്കറ്റിന് ഈടാക്കുന്നത്. 
 ഇതിനെതിരേ വൻ പ്രക്ഷോഭത്തിനുള്ള ഒരുക്കത്തിലാണ് മലബാറിലെ വിവിധ സംഘടനാ കൂട്ടായ്മകൾ. സംസ്ഥാന ഹജ്ജ് കമ്മിറ്റി അടക്കം സംഭവത്തിൽ ഇടപെട്ടിട്ടുണ്ട്. അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ സമരപരിപാടി ആവിഷ്‌കരിക്കുമെന്ന് വിവിധ മുസ്‌ലിം സംഘടനാ കൂട്ടായ്മകളും ജനപ്രതിനിധികളും മുന്നറിയിപ്പ് നൽകുന്നുണ്ട്. വിമാന ടിക്കറ്റ് നിരക്കിൽ അടിയന്തരമായ റീ ടെൻഡർ വേണമെന്ന ആവശ്യവും വിവിധ കേന്ദ്രങ്ങൾ ഉന്നയിച്ചു.
 കണ്ണൂരിൽനിന്ന് 89,000 രൂപയും നെടുമ്പാശ്ശേരിയിൽനിന്ന് 86,000 രൂപയും വിമാന ടിക്കറ്റ് ഈടാക്കുമ്പോൾ കരിപ്പൂർ വിമാനത്താവളം വഴി യാത്ര തിരിക്കുന്ന തീർത്ഥാടകരോട് 1,65,000 രൂപയാണ് എയർ ഇന്ത്യ ഈടാക്കുക. 
 കഴിഞ്ഞ കുറേ വർഷങ്ങളായി കരിപ്പൂരിൽനിന്ന് പുറപ്പെടുന്ന യാത്രക്കാർ വിവിധ തരത്തിലുള്ള പ്രയാസങ്ങൾ നേരിടുന്നതിന് പുറമെയാണ് ടിക്കറ്റ് നിരക്കിലുള്ള പുതിയ വിവേചനവും തീർത്ഥാടകരെ കാത്തിരിക്കുന്നത്. എയർലൈൻസ് ടെൻഡറാണ് ഇതിലെ വില്ലനെന്നാണ് റിപോർട്ട്. കണ്ണൂരിലെയും നെടുമ്പാശ്ശേരിയിലെയും ഹജ്ജ് തീർത്ഥാടകരെ പുണ്യനഗരിയിൽ എത്തിക്കാനുള്ള ടെൻഡർ സൗദി എയർലൈൻസാണ് ഏറ്റെടുത്തിട്ടുള്ളത്. എന്നാൽ, കരിപ്പൂരിലെ ടെൻഡർ എയർ ഇന്ത്യക്കു മാത്രമാണ്. 
 ആയതിനാൽ നിലവിലെ ടെൻഡർ തുക അടിയന്തരമായി പുനപ്പരിശോധിച്ച് ഈ കൊടും അന്യായം ഇല്ലാതാക്കി കരിപ്പൂർ വഴി യാത്ര തിരിക്കുന്നവർക്കും നീതി ഉറപ്പാക്കണമെന്നാണ് ആവശ്യം. കേരളത്തിൽനിന്ന് ഹജ്ജിനു പോകുന്നവരിൽ 70 ശതമാനവും കരിപ്പൂർ വിമാനത്താവളത്തെ ആശ്രയിച്ചാണ് യാത്ര എന്നിരിക്കെയാണ് എയർ ഇന്ത്യയുടെ ഈ കൊടും ചൂഷണം. കരിപ്പൂർ വഴിയുള്ള ഹജ്ജ് യാത്രയ്ക്ക് ചെലവേറുന്നതോടെ സ്വന്തം കൺമുമ്പിലുള്ള തീർത്ഥാടകർക്കു പോലും മറ്റു എയർപോർട്ടുകളെ ആശ്രയിക്കേണ്ട നിർബന്ധിതാവസ്ഥ ഉണ്ടാകുകയും ഇതുവഴി കരിപ്പൂരിനെ തകർക്കാനുള്ള ലോബികളുടെ ശ്രമങ്ങൾക്ക് ആക്കം കൂടുകയും ചെയ്യും. കേരളത്തിലെ തന്നെ മറ്റു എയർപോർട്ടുകൾ വഴി ഹജ്ജിന് പോകുന്നവർക്ക് ലഭിക്കുന്ന ടിക്കറ്റ് ആനുകൂല്യം കരിപ്പൂർ വഴി പോകുന്നവർക്കും ലഭിക്കണമെന്ന തീർത്തും ന്യായമായ ആവശ്യം നടപ്പാക്കാൻ അധികൃതർ അടിയന്തര ഇടപെടലുകൾ നടത്തേണ്ടതുണ്ട്.  14464 പേരാണ് ഇത്തവണ കരിപ്പൂർ വഴി ഹജ്ജിന് പോകാൻ അപേക്ഷിച്ചിട്ടുള്ളത്.

Latest News