പട്‌ന - ബിഹാറില്‍ ബി ജെ പി പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ജെ ഡി യുവിന് മുന്നില്‍ നിബന്ധന വെച്ച് ബി ജെ പി നേതൃത്വം. നിതിഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് ശേഷമേ പിന്തുണച്ചുകൊണ്ടുള്ള കത്ത് നല്‍കുവെന്നാണ് ബി ജെ പി നിലപാട്. ഇന്ന് തന്നെ നിതിഷ് കുമാറിന്റെ രാജി ഉണ്ടാകുമെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അങ്ങനെയെങ്കില്‍ ഇന്ന് വൈകുന്നേരത്തോടെ തന്നെ ബി ജെ പി പിന്തുണയോടെ സംസ്ഥാനത്ത് പുതിയ സര്‍ക്കാര്‍ രൂപീകരിക്കും. ഇന്ന് നിയമസഭാ യോഗം വിളിച്ച ജെ ഡി യു ഇന്നലെ വൈകുന്നേരം നിയമസഭാംഗങ്ങളുമായി അനൗപചാരിക കൂടിക്കാഴ്ച നടത്തുകയും ചെയ്തു.ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് രേണു ദേവിയുടെയും തര്‍ക്കിഷോര്‍ പ്രസാദിന്റെയും പേരുകള്‍ നിര്‍ദ്ദേശിച്ചെങ്കിലും പ്രസാദിന് പകരം സുശീല്‍ മോഡിയെ തിരഞ്ഞെടുക്കാനാണ് സാധ്യതയെന്ന് ജെ ഡി യുവും ബിജെപിയും തമ്മിലുള്ള കൂടിയാലോചനകള്‍ക്ക് ശേഷം പാര്‍ട്ടി നേതാക്കള്‍ സൂചന നല്‍കി.