ബംഗളൂരു- നഗരത്തില്‍ മണിക്കൂറുകളോളമാണ് വാഹനങ്ങള്‍ റോഡില്‍ കുടുങ്ങിക്കിടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങളും വീഡിയോകളും വാര്‍ത്തകളും ഒക്കെ നമ്മള്‍ കണ്ടിട്ടുണ്ടാകും. എന്നാല്‍, സ്വന്തം കല്ല്യാണത്തിന് വൈകിച്ചെല്ലേണ്ടുന്ന അവസ്ഥ വന്നാലോ? റോഡ് യാത്രയെ വിശ്വസിക്കാന്‍ പറ്റില്ല. എന്തായാലും, അടുത്തിടെ ഒരു യുവതി ഈ പ്രശ്നം ഒഴിവാക്കുന്നതിന് വേണ്ടി വളരെ വ്യത്യസ്തവും പ്രാക്ടിക്കലുമായ ഒരു മാര്‍ഗം സ്വീകരിച്ചു.
സ്വന്തം കല്ല്യാണത്തിന് യുവതി മെട്രോയിലാണ് കല്ല്യാണസ്ഥലത്തേക്ക് പോയത്. വിവാഹവസ്ത്രത്തില്‍ മെട്രോയില്‍ സഞ്ചരിക്കുന്ന യുവതിയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പമാണ് യുവതി പോകുന്നത്. യുവതി മെട്രോ സ്റ്റേഷനില്‍ നില്‍ക്കുന്നതും കൈവീശിക്കാണിക്കുന്നതും ഒക്കെ വീഡിയോയില്‍ കാണാം. പിന്നീട് മെട്രോയില്‍ കയറിയ ശേഷം കൂട്ടുകാര്‍ക്കൊപ്പം സെല്‍ഫിക്ക് പോസ് ചെയ്യുന്നതും കാണാം. വിവാഹവേദിയിലെത്തുന്ന വധുവിനെയും വീഡിയോയില്‍ കാണിക്കുന്നുണ്ട്.
'വാട്ട് എ സ്റ്റാര്‍, സ്മാര്‍ട്ടായ ബംഗളൂരു വധു ട്രാഫിക്കില്‍ കുടുങ്ങിക്കിടക്കുന്നതിന് പകരം മുഹൂര്‍ത്തത്തിന് വിവാഹവേദിയില്‍ എത്താനായി വാഹനമുപേക്ഷിച്ച് മെട്രോയില്‍ യാത്ര ചെയ്യുന്നു' എന്ന് വീഡിയോയില്‍ കുറിച്ചിട്ടുണ്ട്. വിവാഹവേഷത്തില്‍ അണിഞ്ഞൊരുങ്ങി തന്നെയാണ് യുവതി മെട്രോയില്‍ കയറുന്നത്. വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകള്‍ നല്‍കിയത്. 'വളരെ പ്രാക്ടിക്കലായ ആളെ'ന്നാണ് ഒരാള്‍ കമന്റ് നല്‍കിയിരിക്കുന്നത്. 'അവള്‍ ഒരു സന്തോഷപൂര്‍ണമായ ജീവിതം തന്നെ ജീവിക്കും. ഈ പ്രായോഗികമായ ചിന്ത തന്നെ അതിന് ഉറപ്പ് നല്‍കുന്നു' എന്നാണ് മറ്റൊരാള്‍ കമന്റ് നല്‍കിയിരിക്കുന്നത്. എന്തായാലും, ബംഗളൂരുവിലെ ട്രാഫിക് ഒഴിവാക്കാന്‍ വിവാഹമായാലും ഇതൊരു മികച്ച മാര്‍ഗം തന്നെ എന്നാണ് നെറ്റിസണ്‍സിന്റെ അഭിപ്രായം.