കൊച്ചി - നരേന്ദ്ര മോഡി സർക്കാറിനെതിരെ രൂക്ഷ വിമർശവുമായി സാമ്പത്തിക വിദഗ്ധനും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ ഭർത്താവുമായ പറകാല പ്രഭാകർ. രാജ്യത്തെ സാമ്പത്തിക മേഖലയും ജനാധിപത്യവും മതേതരത്വവും മോഡി ഭരണത്തിൽ താറുമാറായെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കവി എസ് രമേശന്റെ ഓർമദിനത്തിൽ പുരോഗമന കലാ സാഹിത്യസംഘം സംഘടിപ്പിച്ച അനുസ്മരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷ സമുദായത്തിൽനിന്നു കേന്ദ്ര സർക്കാരിൽ ആരുമില്ല. അവർക്ക് സീറ്റു പോലും നൽകുന്നില്ലെന്നും ഇതൊന്നും മോഡിക്കും സംഘത്തിനും വിഷയമാകുന്നില്ലെന്നും പ്രഭാകർ വ്യക്തമാക്കി. രാജ്യത്തിന്റെ കടവും പട്ടിണിയും തൊഴിലില്ലായ്മയും രൂക്ഷമാകുമ്പോഴും ഇതെല്ലാം നിഷേധിക്കുന്ന സമീപനമാണ് സർക്കാറിനെന്നും മണിപ്പൂരിൽ സംഭവിച്ചത് കേരളത്തിലും സംഭവിക്കാമെന്നും ഇതിനെതിരെ ജാഗ്രത വേണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
മണിപ്പൂർ ഇപ്പോഴും സാധാരണ നിലയിലേക്ക് എത്തിയിട്ടില്ല. ഈ വിഷയത്തിൽ വാർത്തകളൊന്നും കാര്യമായി പുറത്തുവരുന്നില്ല. ഇപ്പോഴിത് തടഞ്ഞില്ലെങ്കിൽ എവിടെ വേണമെങ്കിലും സമാന രീതിയിലുള്ള കലാപങ്ങളുണ്ടാക്കാം. എവിടെ നടന്നാലും കേരളത്തിൽ നടക്കില്ലെന്ന തോന്നൽ ആർക്കും ഉണ്ടാകരുതെന്നും അദ്ദേഹം ഉണർത്തി..
രാജ്യത്ത് യാഥാർത്ഥ്യത്തെ കുറിച്ച് ആര് സംസാരിച്ചാലും അവരൊക്കെ ഇന്ത്യാ വിരുദ്ധരായി മുദ്ര കുത്തപ്പെടുകയാണ്. രാജ്യത്ത് പട്ടിണി ഇല്ലാതാക്കിയെങ്കിൽ എന്തിനാണ് അടുത്ത അഞ്ചു വർഷത്തേക്കു കൂടി പാവപ്പെട്ടവർക്കുള്ള റേഷൻ തുടരുന്നതെന്നും അദ്ദേഹം ചോദിച്ചു. സർക്കാറിന്റെ ഒരു കണക്കും ഇപ്പോൾ വിശ്വസനീയമല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലോക പട്ടിണി സൂചികയിൽ ഇന്ത്യയുടെ നില ഏറെ താഴെയാണ്. എന്നാൽ സർക്കാരിന്റെ അവകാശവാദം ഈ കണക്കൊക്കെ തെറ്റാണെന്നാണെന്നും ഇത് വസ്തുതകളുമായി പൊരുത്തപ്പെടുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അധികൃതര്‍ ഉണരുമ്പോഴേക്കും ഗായികയുടെ നഗ്നചിത്രങ്ങള്‍ ലക്ഷങ്ങളിലെത്തി, ഭയാനകം