ഗാസ- കൊടുംതണുപ്പിൽ വിറങ്ങലിച്ച് കുറേ മനുഷ്യർ. ഗാസയിൽ ഇസ്രായിൽ സൈന്യത്തിന്റെ മാരകായുധങ്ങളോടൊപ്പം കൊടും തണുപ്പിനോടും പൊരുതുകയാണ് ആയിരങ്ങൾ. ഇസ്രായിൽ നടത്തുന്ന കടന്നാക്രമണത്തിന്റെ ദുരിതം ഉച്ചസ്ഥായിയിൽ എത്തിനിൽക്കേ, ശീതകാലം കൂടി വന്നെത്തിയത് പതിനായിരകണക്കിന് മനുഷ്യരെ കൂടുതൽ ദുരന്തത്തിലാക്കിയിരിക്കുകയാണ്. ശീതകാലം 'ഗാസയിലെ ഫലസ്തീൻകാർക്ക് അധിക ദുരിതം നൽകിയതായി അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലെ ആക്ഷൻ എയ്ഡിന്റെ കമ്മ്യൂണിക്കേഷൻസ് ആന്റ് അഡ്വക്കസി കോർഡിനേറ്റർ റിഹാം ജാഫരി പറഞ്ഞു.
''1,300,000-ത്തിലധികം ആളുകൾ ഇപ്പോൾ ദുർബലമായ ടെന്റുകളുള്ള തുറസ്സായ സ്ഥലങ്ങളിലാണ് താമസിക്കുന്നത്. നൈലോൺ കൊണ്ട് നിർമ്മിച്ച ഒരു കൂടാരത്തിൽ 20-ലധികം ആളുകൾ താമസിക്കുന്നു. കൊടുങ്കാറ്റും മഴയും നിറഞ്ഞ കാലാവസ്ഥയിൽ നിന്ന് അവരെ സംരക്ഷിക്കാൻ കഴിയില്ലെന്നും അവർ പറഞ്ഞു.
വലിയ കുടിയൊഴിപ്പിക്കലിന് ശേഷം റഫയിലും ഗാസയുടെ എല്ലാ ഭാഗങ്ങളിലും ആളുകൾ ടെന്റിനുള്ളിൽ കഴിയുകയാണ്. ഇവിടെയെല്ലാം വെള്ളപ്പൊക്കമാണ്. കുട്ടികളും സ്ത്രീകളും ചൂടുള്ള വസ്ത്രങ്ങൾ ഇല്ലാതെയാണ് കഴിയുന്നത്. പ്രാദേശിക വിപണിയിൽ നിന്ന് വാങ്ങാൻ സെക്കൻഡ് ഹാൻഡ് വസ്ത്രങ്ങൾ പോലുമില്ല. ഗാസയിലേക്കുള്ള ദുരിതാശ്വാസ വസ്തുക്കൾ ഇസ്രായിൽ തടയുകയാണ്. ഗാസയിലേക്ക് അനുവദിക്കുന്ന മാനുഷിക സഹായത്തിൽ ശൈത്യകാല ഇനങ്ങൾ ഉൾപ്പെടുന്നില്ല. അതിൽ ഭൂരിഭാഗവും ഭക്ഷണവും വെള്ളവും ചില മെഡിക്കൽ സപ്ലൈകളുമാണ്. സ്ത്രീകൾക്കും കുട്ടികൾക്കും തണുപ്പിൽനിന്ന് രക്ഷനേടാനുള്ള വസ്ത്രങ്ങൾ കിട്ടാൻ ഞങ്ങൾ ശ്രമിച്ചു. എന്നാൽ, അത് ലഭിക്കുന്നതിനുള്ള തടസമാണ് ഇസ്രായിൽ ഏർപ്പെടുത്തിയതെന്നും റിഹാം ജാഫരി പറഞ്ഞു.
ഗാസയിലെ ടെന്റിൽ വെള്ളപ്പൊക്കത്തിൽ വിരിച്ച പുതപ്പിൽ ഉറങ്ങുന്ന കുട്ടികളുടേതാണ് ഇതോടൊപ്പമുള്ള ചിത്രം. ഗുഡ്‌നൈറ്റ് ഗാസ.