ന്യൂദല്‍ഹി- കനേഡിയന്‍ പൗരനും ഖലിസ്ഥാന്‍വാദിയുമായ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഏജന്റിന് ബന്ധമുണ്ടെന്ന് കാനഡ സര്‍ക്കാര്‍ ആരോപിച്ച കേസില്‍ ഇന്ത്യ ഇപ്പോള്‍ 'സഹകരിക്കുന്നതായി കാനഡയുടെ സുരക്ഷാ ഉപദേഷ്ടാവ് ജോഡി തോമസ്. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ സെപ്റ്റംബര്‍ 19 ന് ആരോപണം പരസ്യമായി ഉന്നയിക്കുന്നതിന് മുമ്പ്, നിജ്ജാറിന്റെ കൊലപാതകത്തെക്കുറിച്ച് ഇന്ത്യന്‍ സര്‍ക്കാരുമായി സംസാരിക്കാന്‍ പലതവണ ഇന്ത്യയിലെത്തിയ ആളാണ് തോമസ്.
സിടിവി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് തോമസിന്റെ വെളിപ്പെടുത്തല്‍. കനേഡിയന്‍ ആരോപണങ്ങള്‍ അന്വേഷിക്കുന്നതില്‍ ഇന്ത്യ എന്തുകൊണ്ട് സഹകരിക്കുന്നില്ല എന്ന ചോദ്യത്തിന് മറുപടിയായി 'അവര്‍ സഹകരിക്കുന്നില്ലെന്ന് താന്‍ പറയില്ലെന്നായിരുന്നു അവരുടെ മറുപടി. കൂടുതല്‍ ചോദ്യങ്ങളുണ്ടായപ്പോള്‍ ഇരു കൂട്ടരുടേയും ബന്ധത്തില്‍ പുരോഗതി വരുത്തിയുണ്ടായി എന്ന് തോമസ് പറഞ്ഞു.
എന്താണ് സംഭവിച്ചതെന്ന് അവര്‍ (ഇന്ത്യ) ഇപ്പോള്‍ മനസ്സിലാക്കുന്നു- അവര്‍ കൂട്ടിച്ചേര്‍ത്തു.
രണ്ടാഴ്ച മുമ്പ്, ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, കാനഡയും അമേരിക്കയും ഉന്നയിച്ച സമാന ആരോപണങ്ങളോടുള്ള സമീപനത്തിലെ വ്യത്യാസം വിവരിച്ചിരുന്നു. അമേരിക്ക സംഭവത്തെക്കുറിച്ച് ഞങ്ങളെ ധരിപ്പിക്കുകയും പരിശോധിക്കാന്‍ ആവശ്യപ്പെടുകയുമാണ് ചെയ്തത്. എന്നാല്‍ കാനഡ അത് ചെയ്തില്ല. പകരം അവര്‍ പരസ്യമായി ആരോപണം ഉന്നയിക്കുകയായിരുന്നു- ജയശങ്കര്‍ ചൂണ്ടിക്കാട്ടി.
യു.എസ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഉന്നയിച്ച ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഇന്ത്യ ഒരു ഉന്നതതല സമിതിയെ നിയോഗിച്ചിരുന്നു.