Sorry, you need to enable JavaScript to visit this website.

സൗദി താമസ കേന്ദ്രങ്ങളുടെ വിലാസം; തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ ശിക്ഷ


  • മേല്‍വിലാസം രജിസ്റ്റര്‍ ചെയ്തവര്‍ 90 ലക്ഷം പിന്നിട്ടു
  • നാലു മാസത്തിനിടെ 28 ശതമാനം വര്‍ധന
  • വിലാസം തിരുത്താന്‍ സൗകര്യം
  • ബാങ്ക് അക്കൗണ്ടുകള്‍ റദ്ദാക്കില്ലെങ്കിലും മികച്ച സേവനങ്ങള്‍ക്ക് അനിവാര്യം

റിയാദ്- വിദേശികൾ ഉൾപ്പെടെ മുഴുവൻ പൗരൻമാരെയും പുതിയ മേൽവിലാസ പദ്ധതിയിൽ കൊണ്ടുവരുന്നതിന് സൗദി പോസ്റ്റ് നടപ്പിലാക്കുന്ന നാഷണൽ അഡ്രസ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണം ഈ മാസം പകുതി വരെ ഒമ്പത് ദശലക്ഷം പിന്നിട്ടു. കഴിഞ്ഞ നാല് മാസത്തിനിടെ, പദ്ധതിയിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണത്തിൽ 28 ശതമാനം വർധനവ് ഉണ്ടായിട്ടുണ്ട്. മെയ് മാസം വരെ 20 ലക്ഷം പേർ മാത്രമാണ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതിന് ശേഷം 70 ലക്ഷം പേർ രജിസ്റ്റർ ചെയ്തുവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 
ആഭ്യന്തര മന്ത്രാലയം, തൊഴിൽ സാമൂഹിക വികസന മന്ത്രാലയം, വാണിജ്യനിക്ഷേപ മന്ത്രാലയം, നീതിന്യായ മന്ത്രാലയം ആരോഗ്യ മന്ത്രാലയം തുടങ്ങി സർക്കാർ വകുപ്പുകൾ രാജ്യത്തെ മുഴുവൻ ഗവൺമെന്റ്, സ്വകാര്യ മേഖലാ ജീവനക്കാരും നാഷണൽ അഡ്രസിൽ രജിസ്റ്റർ ചെയ്യണമെന്ന് നിഷ്‌കർഷിക്കുന്നുണ്ട്. ഇതിന് പുറമെ, കേന്ദ്ര ബാങ്കായ സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റി (സാമ) കഴിഞ്ഞ ഏപ്രിൽ പകുതിയോടെ ബാങ്ക് അക്കൗണ്ടുമായി, നാഷണൽ അഡ്രസ് ലിങ്ക് ചെയ്യണമെന്ന് രാജ്യത്തെ മുഴുവൻ ബാങ്കുകൾക്കും നിർദേശം നൽകിയിട്ടുണ്ട്. 
അതേസമയം, നാഷണൽ അഡ്രസുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ നൽകുന്നത് ശിക്ഷാർഹമാണെന്ന് സൗദി പോസ്റ്റൽ ആക്ടിംഗ് പ്രസിഡന്റ് മുഹമ്മദ് അബ്ദുൽജബ്ബാർ മുന്നറിയിപ്പ് നൽകി. തെറ്റായ അഡ്രസ് നൽകുന്നത് കണ്ടെത്തുന്നതിനും തെറ്റുകൾ തിരുത്തുന്നതിനുമായി സൗദി പോസ്റ്റൽ അതോറിറ്റിയിൽ പ്രത്യേക വിഭാഗം തന്നെ പ്രവർത്തിക്കുന്നതായും അദ്ദേഹം സൂചിപ്പിച്ചു.  
നാഷണൽ അഡ്രസിൽ വ്യക്തിഗത മേൽവിലാസം രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ അക്കൗണ്ട് മരവിപ്പിക്കില്ലെന്ന് ബാങ്കുകൾ അറിയിച്ചിട്ടുണ്ടെങ്കിലും മികച്ച സേവനങ്ങൾ ലഭ്യമാക്കാൻ നാഷണൽ അഡ്രസ് അനിവാര്യമാണ്. പുതിയ അക്കൗണ്ട് തുറക്കാനും നാഷണൽ അഡ്രസ് വേണം. വാഹനമുടമകൾക്ക് ഇൻഷുറൻസ് പോളിസി എടുക്കാനും അടുത്തിടെ നാഷണൽ അഡ്രസ് നിർബന്ധമാക്കിയിട്ടുണ്ട്. ഇഖാമ, ഡ്രൈവിംഗ് ലൈസൻസ്, വാഹനങ്ങളുടെ ഇസ്തിമാറ, നമ്പർ പ്ലേറ്റ് എന്നിവ എത്തിച്ചു നൽകാനും ഓരോ പ്രദേശത്തെ ജനസാന്ദ്രത തിരിച്ചറിഞ്ഞ് അതിനനുസരിച്ച് സുരക്ഷ ക്രമീകരണങ്ങളൊരുക്കാനും നാഷണൽ അഡ്രസ് ഉപകാരപ്പെടുമെന്ന് ബന്ധപ്പെട്ട വകുപ്പുകൾ ഓർമിപ്പിക്കുന്നു.
സൗദി പോസ്റ്റിന്റെ ആഭിമുഖ്യത്തിലുള്ള നാഷണൽ അഡ്രസ് വെബ്‌സൈറ്റിലാണ് എല്ലാവർക്കും അഡ്രസ് രജിസ്റ്റർ ചെയ്യാനുള്ള സൗകര്യമൊരുക്കിയിട്ടുള്ളത്. വ്യക്തികൾക്ക് പുറമെ സ്ഥാപനങ്ങൾക്കും ഇതിൽ രജിസ്റ്റർ ചെയ്യാം. സ്ഥാപനങ്ങൾ കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ നമ്പർ, തൊഴിൽ മന്ത്രാലയ രജിസ്‌ട്രേഷൻ നമ്പർ എന്നിവയാണ് നൽകേണ്ടത്. 
നേരത്തെ രജിസ്റ്റർ ചെയ്ത അഡ്രസ് തിരുത്താൻ മാനേജ് രജിസ്റ്റേർഡ് അഡ്രസ് എന്ന ഭാഗം ക്ലിക്ക് ചെയ്താൽ മതി. ഇഖാമ നമ്പറും മൊബൈൽ നമ്പറും നൽകിയാൽ ഓൺ ടൈം പാസ്‌വേർഡ് ലഭിക്കും. ഇതുപയോഗിച്ച് തുറന്നാൽ പ്രൊഫൈൽ തിരുത്താനും അഡ്രസ് അപ്‌ഡേറ്റ് ചെയ്യാനുമുള്ള സൗകര്യമുണ്ട്. വിദേശികൾ ഇഖാമ നമ്പർ നൽകിയാണ് രജിസ്‌ട്രേഷൻ പൂർത്തീകരിക്കേണ്ടത്. സ്വദേശികൾ ബതാഖ നമ്പറും ജനന തിയതിയും ചേർക്കണം. രജിസ്‌ട്രേഷൻ പൂർത്തീകരിക്കുന്നതോടെ ഇത് നാഷണൽ ഇൻഫർമേഷൻ സെന്ററുമായി ബന്ധിപ്പിക്കും. തുടർന്നുള്ള എല്ലാ സേവനങ്ങൾക്കും ഈ മേൽവിലാസമായിരിക്കും ഔദ്യോഗികമായി അംഗീകരിക്കുക. രാജ്യത്തെ ഓരോ വ്യക്തിയും താമസിക്കുന്നതും ജോലി ചെയ്യുന്നതും എവിടെയാണെന്ന് കണ്ടെത്താൻ നാഷണൽ അഡ്രസ് പ്രയോജനപ്പെടും. പോസ്റ്റൽ സർവീസ്, അഗ്നിശമന വിഭാഗം, ആരോഗ്യ പ്രവർത്തകർ, വെള്ളം, വൈദ്യുതി, ടെലിഫോൺ സേവനം എന്നിവ യഥാസമയം ലഭിക്കാനും ഈ സംവിധാനം ഉപകാരപ്പെടും. 


 

Latest News