കൊച്ചി- മോഡി ഉറപ്പുകൾ പാലിക്കുന്നത് കോർപറേറ്റുകളുടെ കടങ്ങൾ എഴുതിത്തള്ളുന്നതിൽ മാത്രമാണെന്നും അധികാരത്തിൽ വന്ന നാളിതുവരെ ജനോപകാരപ്രദമായ ഒരു വാഗ്ദാനവും പാലിച്ചിട്ടില്ലെന്നും എസ്.ഡി.പി.ഐ സംസ്ഥാന സമിതി അംഗം ടി. നാസർ വയനാട് പറഞ്ഞു. എസ്.ഡി.പി.ഐ എറണാകുളം ജില്ലാ കമ്മിറ്റി എറണാകുളം വഞ്ചി സ്ക്വയറിൽ മോഡിയല്ല, ഭരണഘടനയാണ് ഗ്യാരണ്ടി എന്ന മുദ്രാവാക്യത്തിൽ സംഘടിപ്പിച്ച റിപ്പബ്ലിക് ദിന സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണിപ്പുർ വംശഹത്യക്കിടെ പ്രധാനമന്ത്രിയുടെ പാർട്ടി അണികളും അനുകൂലികളും ചേർന്ന് ക്രൂരമായി ബലാത്സംഘം ചെയ്ത യുവതിയെ മുൻ നിർത്തിയാണ് മോദി സ്ത്രീകളുടെ സുരക്ഷയ്ക്ക് ഗ്യാരണ്ടി പറയുന്നത്. -അദ്ദേഹം കൂട്ടിചേർത്തു. കള്ളപ്പണം, യുവാക്കൾക്ക് തൊഴിൽ, അഴിമതി തടയൽ, പട്ടിണി മാറ്റൽ, പാചക വാതകം, പെട്രോൾ വില ഉൾപ്പെടെ മുഴുവൻ ജനോപകാര പ്രദമായ പദ്ധതികളിലും മോദി ഗ്യാരണ്ടി പാലിക്കപ്പെട്ടിട്ടില്ല. കോർപറേറ്റുകൾക്ക് ഉപകാരപ്പെടുന്ന ബാങ്ക് അക്കൗണ്ട്, കടം എഴുതി തള്ളൽ തുടങ്ങിയ വിഷയങ്ങളിൽ മാത്രമാണ് മോദി ഗ്യാരണ്ടി നടപ്പിലായതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
എസ്.ഡി.പി.ഐ ജില്ലാ വൈസ് പ്രസിഡന്റ് ഷമീർ മഞ്ഞാലി അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ ജനറൽ സെക്രട്ടറി അജ്മൽ കെ. മുജീബ് സ്വാഗതം പറഞ്ഞു. ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി ലത്തീഫ്, ജില്ലാ സെക്രട്ടറിമാരായ ശിഹാബ് പഠനാട്ട്, കെ.എം. മുഹമ്മദ് ഷമീർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എൻ.കെ. നൗഷാദ്, നിഷ ടീച്ചർ, ഹാരീസ് ഉമ്മർ, അനു വി. ശേഖരൻ, വിമൺ ഇന്ത്യ മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് സുമയ്യ സിയാദ്, മണ്ഡലം പ്രസിഡന്റ്റുമാരായ നിയാസ് മുഹമ്മദാലി, നിസാർ അഹമ്മദ്, അൻവർ സാദിഖ്, സിയാദ് എന്നിവർ പങ്കെടുത്ത പരിപാടിയിൽ എറണാകുളം മണ്ഡലം പ്രസിഡന്റ് സിറാജ് കോയ നന്ദി പറഞ്ഞു.