Sorry, you need to enable JavaScript to visit this website.

ആത്മ സുഹൃത്ത് തിരിച്ചെത്തിയ സന്തോഷം, ഓര്‍മകള്‍ പങ്കുവെച്ച് മുന്‍പ്രവാസി

ജിദ്ദ- മലയാളം ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകളോടപ്പം പത്രത്തിന്റെ എല്ലാ പേജുകളുടേയും പി.ഡി.എഫ് ലഭിച്ച സന്തേഷം പങ്കുവെക്കുകയാണ് ദീര്‍ഘകാലം സൗദിയിൽ പ്രവാസിയായിരുന്ന കാസര്‍കോട് സ്വദേശി യൂസുഫ് ഏരിയാല്‍. സര്‍ഗ രംഗത്തെ തന്റെ കഴിവുകള്‍ പരിപോഷിപ്പിച്ചതില്‍ മലയാളം ന്യൂസ് വഹിച്ച പങ്കും അദ്ദേഹം അടിവരയിടുന്നു.
വാട്‌സ്ആപ്പില്‍ പി.ഡി.എഫ് ലഭിച്ച തുടങ്ങിയതിനു ശേഷം യൂസുഫ് അയച്ചുതന്ന കുറിപ്പാണ് ഇതോടൊപ്പം. പ്രവാസം അവസാനിപ്പിച്ച് നാട്ടേലക്ക് മടങ്ങിയ യൂസുഫ് ഏരിയാല്‍ സാമൂഹിക, സാംസ്‌കാരിക, സാഹിത്യ രംഗത്ത് സജീവമാണ്.

                               
പ്രവാസ ജീവിതത്തോട് വിട ചൊല്ലി മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷവും മഴ പെയ്തു മരം പെയ്യും പോലെ ഗള്‍ഫില്‍ കഴിഞ്ഞ കാലത്തിന്റെ ഓര്‍മകള്‍ ഓരോന്നായി മിന്നി മറയുകയാണ്. സൗദിയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന 'മലയാളം ന്യൂസ് 'ദിനപത്രവുമായുള്ള നീണ്ട കാലത്തെ എന്റെ ചങ്ങാത്തം വിസ്മരിക്കാന്‍ പറ്റാത്ത ഒന്നാണ്.
മലയാള നാടിന്റെ ചെറിയ, വലിയ സ്പന്ദനങ്ങളും, കഠാര രാഷ്ട്രീയത്തിന്റെ ജ്വലിക്കുന്നതും മരവിക്കുന്നതുമായ മനുഷ്യരോധനങ്ങളും, കലാകായിക സാംസ്‌കാരിക വേദികളിലെ പുതിയ പുതിയ കാല്‍ വെപ്പുകളും സാക്ഷര കേരളത്തിന്റെ മടിത്തട്ടിലുറങ്ങുന്ന കേരള പ്രവാസികള്‍ക്കെന്നും മലയാള ന്യൂസ് ഹരമായത് അത് കൊണ്ടായിരിക്കാം.
പെരുന്നാളെന്നോ മറ്റു അവധി ദിവസങ്ങളെന്നോ വിത്യാസമില്ലാതെ എല്ലാ ദിവസവും മലയാളികളുടെ കൈകളിലെത്തുന്ന 'മലയാളം ന്യൂസ് ' ജോലി തിരക്കിനിടയില്‍ പോലും കേരള പ്രവാസികളുടെ കക്ഷത്ത് കാണാന്‍ സാധിക്കും. പത്രം വില്‍പനക്ക് വെക്കുന്ന  സൂപ്പര്‍മാര്‍ക്കറ്റുകളിലെ ഡിസ്‌പ്ലേ ബോര്‍ഡുകളില്‍ 'മലയാളം ന്യൂസി'ന്റെ ഇരിപ്പ് എന്നും ഉച്ചക്ക് മുമ്പേ ശൂന്യമാകുമായിരുന്നു..

എന്റെ പ്രവാസം മുപ്പതാണ്ട് കഴിഞ്ഞപ്പോഴും സ്വന്തം കടയില്‍ വില്‍പനയ്ക്ക് വെച്ചും വായിച്ചും  രണ്ട് പതിറ്റാണ്ട് കടന്നുപോയ 'മലയാളം ന്യൂസ് ഞാനുമായുള്ള പ്രവാസ ജീവിതത്തില്‍ അത്രയ്ക്കും എന്റെ നെഞ്ചോട് ചേര്‍ന്നിരുന്നു. ഞാനയച്ചു കൊടുക്കുന്ന കുറിപ്പുകള്‍ക്ക്  ജീവന്‍ വെച്ചു തുടങ്ങിയതും മലയാളം ന്യൂസില്‍ തന്നെയായിരുന്നു.

പത്ര ധര്‍മമെന്ന ആശയത്തിന്റെ, ആദര്‍ശത്തിന്റെ പ്രസക്തി ഇല്ലാതായിയെന്ന് സമ്മതിക്കേണ്ടിയിരിക്കുന്ന ഇക്കാലത്ത് മലയാളം ന്യൂസ് മറ്റു പത്രങ്ങളെ പോലെ പരസ്യങ്ങള്‍ കുത്തി നിറക്കാനോ പക്ഷം പിടിക്കാനോ പോയില്ല. പ്രവാസികള്‍ക്ക് വേണ്ടി പ്രവാസികളുടെ നാവായി വളര്‍ന്നു വന്ന മലയാളം ന്യൂസ് വായനക്കാരുടെ താല്‍പര്യം കാത്തുസൂക്ഷിക്കുന്നതിലും മാനേജ്‌മെന്റ് ഒട്ടും പിറകോട്ടു പോയില്ല.

ഇത്രയും എഴുതാന്‍ കാരണം മലയാളം ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ക്കൊപ്പം കണ്ട പത്രത്തിന്റെ പി.ഡി. എഫ് പേജുകളാണ്. നഷ്ടപ്പെട്ടുവെന്ന് കരുതിയ ഒരാത്മ സുഹൃത്തിന്റെ പെട്ടെന്നുള്ള തിരിച്ചു വരവ് നമ്മെ എത്രത്തോളം സന്തോഷിപ്പിക്കുന്നുവോ അതുപോലെയാണ് മുന്‍ പ്രവാസിയായ എനിക്ക് തോനിയത്.
' മലയാളം ന്യൂസ്... നിന്നെ കാണാന്‍ ഞാന്‍ വല്ലാതെ കൊതിച്ചു പോയി. മൂന് വര്‍ഷത്തോളമായി വഴി പിരിഞ്ഞിട്ട്. ഗള്‍ഫിലെ എന്റെ ഏറ്റവും നല്ല സൗഹൃദം നീ തന്നെയാണ്.  മറ്റാരേക്കാളും....'

പ്രവാസികളുടെ ഓര്‍മ്മകളില്‍ തേഞ്ഞുമാഞ്ഞു കൊണ്ടിരിക്കുന്ന കേരളക്കരയെ അച്ചടി സ്പര്‍ശത്താല്‍ പുനര്‍ജീവിപ്പിക്കുന്ന 'മലയാളംന്യൂസ് ' മണലാരണ്യത്തിലെ ഇളം തെന്നലായി കേരള പ്രവാസികളുടെ മനസ്സില്‍ എന്നും കുളിരു കോരിയിടട്ടെ'

ആശംസകളോടെ
യൂസുഫ് എരിയാല്‍


ചീപ്പെസ്റ്റ് ഫെയറില്‍ ചതിക്കുഴികളുണ്ട്; പ്രവാസികള്‍ വിമാന ടിക്കറ്റെടുക്കുമ്പോള്‍ ശ്രദ്ധിക്കണം 


 

Tags

Latest News