കൊച്ചി - മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻ കോളജിലെ മലയാളം അധ്യാപകനായിരുന്ന പ്രഫ. ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസിൽ മുഖ്യ പ്രതി സവാദിനെ അടുത്തമാസം 16 വരെ എൻ.ഐ.എ കോടതി റിമാൻഡ് ചെയ്തു.
കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് ഇന്ന് വീണ്ടും കോടതിയിൽ ഹാജരാക്കിയ പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വിട്ടുകിട്ടേണ്ടതുണ്ടെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. ഇതിനായി അടുത്തയാഴ്ച കസ്റ്റഡി അപേക്ഷ നൽകുമെന്ന് എൻ.ഐ.എ അറിയിച്ചു. പ്രതിയെ പാർപ്പിച്ച എറണാകുളം സബ്ജയിലിൽ മതിയായ സുരക്ഷയില്ലെന്നും അതിനാൽ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റണമെന്നുമുള്ള എൻ.ഐ.എയുടെ ആവശ്യം കോടതി അംഗീകരിച്ചു.
പോപ്പൂലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാക്കളുടെ സഹായത്തോടെയാണ് സവാദ് 13 വർഷം ഒളിവിൽ കഴിഞ്ഞതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കണ്ണൂരിൽനിന്ന് കഴിഞ്ഞമാസമാണ് സവാദിനെ എൻ.ഐ.എ അറസ്റ്റ് ചെയ്തത്. ഈയിടെ നടന്ന തിരിച്ചറിയൽ പരേഡിൽ സാവേദിനെ ആക്രമണത്തിന് ഇരയായ അധ്യാപകൻ തിരിച്ചറിഞ്ഞിരുന്നു. കേസിലെ ആറു പ്രതികളിൽ മൂന്നുപേരെ ജൂലൈ 13ന് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.