ഈ കോഴി ഇപ്പോള്‍ വി ഐ പിയാണ്, മുഴുവന്‍ സമയവും പോലീസ് സംരക്ഷണം, കാര്യങ്ങള്‍ നോക്കി നടത്താന്‍ സഹായിയും

ചാണ്ഡീഗഡ് - നിമിഷങ്ങള്‍ കൊണ്ടാണ് ഒരു കോഴിയുടെ ജീവിതം മാറിമറഞ്ഞത്. ഇപ്പോള്‍ വി ഐ പി പരിഗണനയാണ്, മുഴുവന്‍ സമയവും പോലീസ് സംരക്ഷണം, പോരാത്തതിന് കാര്യങ്ങളൊക്കെ നോക്കി നടത്താന്‍ ഒരു സഹായിയും. ഒരു പ്രധാന കേസിലെ തൊണ്ടി മുതല്‍ കൂടിയാണ് ഈ പൂവന്‍ കോഴി. 
പഞ്ചാബിലെ ബതിന്‍ഡയില്‍ നടന്ന് കോഴിപ്പോരില്‍ പരിക്കേറ്റ കോഴിയെ ഇപ്പോള്‍ പോലീസ് രക്ഷപ്പെടുത്തി തങ്ങളുടെ സംരക്ഷണത്തില്‍ നിര്‍ത്തിയിരിക്കുന്നത്. കോഴിപ്പോര് നിയമം മൂലം നിരോധിച്ചതിനാല്‍ കേസിലെ പ്രധാന തെളിവുകൂടിയാണ് ഇവന്‍.  പരിക്കേറ്റ കോഴിയെ പോലീസ് ആദ്യം കൊണ്ടുപോയത് ആശുപത്രിയിലേക്കാണ്. ബല്ലുവാന ഗ്രാമത്തില്‍ നടന്ന കോഴിപ്പോരില്‍ ഇരുന്നൂറോളം പേരാണ് പങ്കെടുത്തതെന്നാണ് പോലീസ് പറയുന്നത്. 
കോഴിപ്പോര് നടക്കുന്നതിനെക്കുറിച്ച് വിവരം കിട്ടിയ ഉടനെ തന്നെ പോലീസുകാര്‍ സംഭവ സ്ഥലത്തെത്തി. പൊലീസ് വരുന്നുണ്ട് എന്നറിഞ്ഞയുടനെ  ഇവിടെ കൂടിയിരുന്നവര്‍ പലവഴിക്ക് രക്ഷപ്പെട്ടു. എന്നാല്‍, രണ്ട് കോഴികളെയും ഒരാളെയും പൊലീസ് സംഭവ സ്ഥലത്ത് നിന്നും പിടികൂടി. ആനിമല്‍ ക്രുവല്‍റ്റി ആക്ട് പ്രകാരം കോഴിപ്പോര് സംഘടിപ്പിച്ച മൂന്നുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണം നടന്നു വരികയാണ് എന്നാണ് പോലീസ് പറയുന്നത്. കോഴിപ്പോരിലെ വിജയികള്‍ക്ക് നല്‍കാന്‍ തയ്യാറാക്കിയിരുന്ന 11 ട്രോഫികളും പോലീസ് കണ്ടെത്തിയിട്ടുണ്ട് . പരിക്കേറ്റ കോഴിക്ക് ഇപ്പോള്‍ ആവശ്യമായ സംരക്ഷണവും, ചികിത്സയും, ഭക്ഷണവും പോലീസ് നല്‍കുന്നുണ്ട്. അതിനെ നോക്കാന്‍ ഒരാളെയും ഏര്‍പ്പാടാക്കിയിട്ടുണ്ട്. കോഴിയെ ഉടന്‍ തന്നെ കോടതിയില്‍ ഹാജരാക്കും.

 

Latest News