വാഷിംഗ്ടണ്‍-മാധ്യമപ്രവര്‍ത്തക ജീന്‍ കാരളിനെ അധിക്ഷേപിച്ചെന്ന കേസില്‍ മുന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് വന്‍ തിരിച്ചടി. 83.3 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ ന്യൂയോര്‍ക്ക് കോടതി ഉത്തരവിട്ടു. ഇതില്‍ 18 മില്യണ്‍ ഡോളര്‍ ജീനിന് വരുന്ന മാനഹാനിക്കും വൈകാരിക നഷ്ടത്തിനുമാണ്. ആവര്‍ത്തിച്ചുള്ള അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ക്കെതിരായ ശിക്ഷ എന്ന രീതിയിലാണ് ബാക്കി തുക. വിധി കേള്‍ക്കാന്‍ നില്‍ക്കാതെ ട്രംപ് കോടതി വിട്ടു. വിധി പരിഹാസ്യമെന്നും അപ്പീല്‍ പോകുമെന്നും ട്രംപ് വ്യക്തമാക്കി. ട്രംപിന്റെ സോഷ്യല്‍ മിഡിയ പ്ലാറ്റ്‌ഫോമായ ട്രൂത് സോഷ്യലിലൂടെയാണ് പ്രതികരണം. സംഭവങ്ങള്‍ക്ക് പിന്നില്‍ പ്രസിഡന്റ് ജോ ബൈഡന്‍ ആണെന്നും ട്രംപ് കുറ്റപ്പെടുത്തി.
2019ലാണ് ഡോണള്‍ഡ് ട്രംപ് ജീന്‍ കാരളിനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയത്. നവംബറില്‍ നടക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള ട്രംപിന്റെ വഴിയിലാണ് കേസ് തടസമായിരിക്കുന്നത്. കോടതി വിധി ഓരോ സ്ത്രീയുടെയും വിജയമാണെന്നും ഒരു സ്ത്രീയെ താഴെയിറക്കാന്‍ ഭീഷണിപ്പെടുത്തിയവരുടെ തോല്‍വിയാണിതെന്നും ജീന്‍ പ്രതികരിച്ചു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാന്‍ഹട്ടനിലെ ബെര്‍ഗ്‌ഡോര്‍ഫ് ഗുഡ്മാന്‍ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോര്‍ ഡ്രസിംഗ് റൂമില്‍ വച്ച് ട്രംപ് തന്നെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു ജീനിന്റെ പരാതി. 2019ലാണ് സംഭവത്തില്‍ പൊലീസ് കേസെടുക്കുന്നത്. ആരോപണം നിഷേധിച്ച ട്രംപ് സമൂഹം ബഹുമാനിക്കുന്ന ഒരു മാധ്യമപ്രവര്‍ത്തക എന്ന നിലയില്‍ തന്റെ സല്‍പ്പേരിനെ തകര്‍ത്തുവെന്ന് ജീന്‍ പറഞ്ഞിരുന്നു. കാരളിനെ തനിക്കറിയില്ലെന്നും പ്രശസ്തിക്ക് വേണ്ടി തെറ്റായ ആരോപണമാണ് ഉന്നയിക്കുന്നതെന്നുമായിരുന്നു ട്രംപിന്റെ നിലപാട്.