Sorry, you need to enable JavaScript to visit this website.

ദല്‍ഹി അസി.പോലീസ് കമ്മീഷണറുടെ മകനെ സുഹൃത്തുക്കള്‍ മര്‍ദിച്ചുകൊന്ന് കനാലില്‍ തള്ളി

ന്യൂദല്‍ഹി-സാമ്പത്തിക തര്‍ക്കവുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് അസിസ്റ്റന്റ് കമ്മിഷണറുടെ മകനെ മര്‍ദിച്ചുകൊന്ന് കനാലില്‍ തള്ളി സുഹൃത്തുക്കള്‍. സംഭവത്തില്‍ ഒരാളെ അറസ്റ്റു ചെയ്തു. അഭിഭാഷകന്‍ കൂടിയായ ലക്ഷ്യ ചൗഹാനെയാണ് സുഹൃത്തുക്കളായ വികാസ് ഭരദ്വാജും അഭിഷേകും ചേര്‍ന്ന് കൊലപ്പെടുത്തിയത്. ലക്ഷ്യയുടെ പിതാവ് യഷ്പാല്‍ ദല്‍ഹി പോലീസ് അസിസ്റ്റന്റ് കമ്മിഷണറാണ്.
സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിന് പിന്നില്‍. ഇരുപത്തിനാലുകാരനായ ലക്ഷ്യ, ദല്‍ഹിയിലെ ടിസ് ഹസാരി കോടതിയിലെ അഭിഭാഷകനാണ്. അവിടത്തെ ക്ലാര്‍ക്കായിരുന്ന വികാസ് ഭരദ്വാജില്‍നിന്ന് ലക്ഷ്യ കുറച്ച് പണം കടം വാങ്ങിയിരുന്നു. ഇത് ആവര്‍ത്തിച്ച് തിരിച്ചുചോദിച്ചിട്ടും ലക്ഷ്യ നല്‍കാന്‍ തയ്യാറായില്ല. ഇതിന്റെ പകയില്‍ കഴിയുകയായിരുന്നു വികാസ്.
അങ്ങനെയിരിക്കേ, ഇക്കഴിഞ്ഞ ജനുവരി 22-ന് ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി ലക്ഷ്യ ഹരിയാനയിലേക്ക് പുറപ്പെടുകയായിരുന്നു. ഇദ്ദേഹത്തിനൊപ്പം വികാസും അഭിഷേകും കൂട്ടുചേര്‍ന്നു. വിവാഹം കഴഞ്ഞ് മടങ്ങുന്നതിനിടെ നേരത്തേ ആസൂത്രണം ചെയ്തതു പ്രകാരം വാഷ് റൂം ആവശ്യത്തിനായി സുഹൃത്തുക്കള്‍ കാര്‍ ഒരിടത്ത് നിര്‍ത്തിച്ചു. അര്‍ധരാത്രിയിലായിരുന്നു മടക്കം.
പാനിപ്പത്ത് മുനക് കനാലിനു സമീപത്തായിരുന്നു കാര്‍ നിര്‍ത്തിയത്. കാറില്‍നിന്ന് ഇറങ്ങിയ ഉടനെ ലക്ഷ്യയെ മറ്റു രണ്ടുപേര്‍ ചേര്‍ന്ന് മര്‍ദിച്ച് കൊല്ലുകയും തുടര്‍ന്ന് കനാലില്‍ തള്ളുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. മൃതദേഹം കണ്ടെത്തുന്നതിനായി പരിശോധന നടത്തുകയാണ് പോലീസ്. സംഭവത്തില്‍ അഭിഷേകിനെയാണ് പോലീസ് അറസ്റ്റുചെയ്തത്. വികാസിനായി തിരച്ചില്‍ തുടരുന്നു. മകനെ കാണാനില്ലെന്ന് അറിയിച്ച് എ.സി.പി. നല്‍കിയ പരാതിയിലാണ് പോലീസ് പരിശോധന ആരംഭിച്ചത്.

Latest News